റാന്നി : ക്ഷേത്രത്തിന് സ്വകാര്യവ്യക്തി മറ്റൊരാളില്‍ നിന്നും വാങ്ങി സൗജന്യമായി നല്‍കിയ ഭൂമി എസ്.എന്‍.ഡി.പി ശാഖാ ഭാരവാഹികള്‍ കൈയ്യേറിയതായി ആരോപിക്കുന്ന സംഭവത്തില്‍ സംഘര്‍ഷാവസ്ഥ. സംഘര്‍ഷം ഒഴിവാക്കാന്‍ റാന്നി എസ്.എച്ച്.ഓയുടെ നേതൃത്വത്തില്‍ റാന്നി, പെരുനാട്, വെച്ചൂച്ചിറ പോലീസ് സ്ഥലത്ത് ക്യാമ്പ് ഏര്‍പ്പെടുത്തി. തര്‍ക്ക സ്ഥലത്ത് എസ്.എന്‍.ഡി.പി ഭാരവാഹികള്‍ സ്ഥാപിച്ച ഗുരുദേവ പ്രതിമ ഇളക്കിമാറ്റിയ നിലയിലാണ്. പുതിയതായി പണിത തറയുടെ മുകളില്‍ മെറ്റല്‍ ഇറക്കി മറയ്ക്കുകയും കൊടിമരം ഒടിച്ചു കളയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രാത്രിയിലെപ്പോഴോ ആണ് ഇത് ചെയ്തതെന്നാണ് എസ്.എന്‍.ഡി.പി ഭാരവാഹികള്‍ പറയുന്നത്. ഇടമുറി ദേവീ ക്ഷേത്രത്തിന്‍റെ വശത്തോടു ചേര്‍ന്നുള്ള രണ്ടര സെന്‍റ് സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശമാണ് തര്‍ക്കവും പോലീസ് കേസും സംഘര്‍ഷത്തിലുമെത്തിയത്.
ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഐക്കാട് കുമാരന്‍റെ ഉടമസ്തതയിലുള്ള വസ്തു ക്ഷേത്ര ഭരണസമതിയംഗം പി.ഡി സജി വില കൊടുത്തു വാങ്ങിയിരുന്നു. പിന്നീട് ഈ സ്ഥലം ക്ഷേത്രത്തിന് ദാനമായി നല്‍കുകയും ചെയ്തു. ഇതിനിടയില്‍ കുമാരന്‍റെ മകള്‍ വസ്തു എസ്.എന്‍.ഡി.പി ഇടമുറി ശാഖക്ക് സൗജന്യമായി നല്‍കിയെന്ന അവകാവാദവുമായി ഭാരവാഹികള്‍ സ്ഥലം കൈയ്യേറി കൊടിമരം നാട്ടിയതോടെയാണ് പരാതി ആയത്. റാന്നി പോലീസ് രണ്ടു കൂട്ടരേയും വിളിച്ചു വരുത്തി തര്‍ക്കം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് സ്ഥലത്തിന്‍റെ ഉടമസ്തതാവകാശം തീരുമാനിക്കാന്‍ റാന്നി തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ തര്‍ക്ക സ്ഥലത്ത് തറ നിര്‍മ്മിച്ച് വിളക്കുവെക്കുകയും ഗുരുദേവ പ്രതിമ സ്ഥാപിക്കുകയുമായിരുന്നു. പോലീസ് അനുമതി ഇല്ലാതെ ബലമായിട്ടാണ് ഇവ സ്ഥാപിച്ചതെന്ന് ക്ഷേത്രകമ്മറ്റിക്കാര്‍ അവകാശപ്പെടുന്നു. ഇരുകൂട്ടരും തര്‍ക്കം തുടരുന്നതിനിടെ ക്ഷേത്ര സ്വത്ത് സംരക്ഷിക്കണമെന്ന ഭരണസമതിയുടെ ആവശ്യത്തിന് ഒപ്പം മറ്റു സമുദായ സംഘടനകളും ഭക്തരും കക്ഷി ചേര്‍ന്നിരുന്നു.