റാന്നി : കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അറുപതാമത് ജന്മദിനത്തിനോടനുബന്ധിച്ച് പാർട്ടിയുടെ സ്ഥാപക നേതാവും നിയമസഭാ സാമാജികനുമായിരുന്ന അന്തരിച്ച വയല ഇടിക്കുളയുടെ സ്മൃതി മണ്ഡപത്തിൽ കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാര്‍ച്ചന നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് എബ്രഹാം പതാക ഉയർത്തി. കഴിഞ്ഞ ആറു പതിറ്റാണ്ട് കാലമായി സംസ്ഥാനത്തെ സാധാരണക്കാർക്കും കർഷകർക്കും വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം) എന്ന് ജോർജ് എബ്രഹാം പറഞ്ഞു.
വെളിച്ച വിപ്ലവം, പട്ടയമേള, കാരുണ്യ പദ്ധതി, കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില ഉൾപ്പെടെ ജനകീയ പദ്ധതികളുമായി കേരളക്കരയുടെ മനസ്സ് കീഴടക്കിയ കേരള കോൺഗ്രസ് പ്രസ്ഥാനം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ എസ് സി(എം) സംസ്ഥാന ജനറൽ സെക്രട്ടറി റിന്റോ തോപ്പിൽ, ദിലീപ് ഉതിമൂട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ ജോസഫ്, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ചാർളി, ചെറുകോൽ ഗ്രാമപഞ്ചായത്ത് അംഗം ജോമോൻ ജോസ് കോളാക്കോട്ട്, റാന്നി ഗ്രാമപഞ്ചായത്ത് അംഗം സച്ചിൻ വയല , നേതാക്കന്മാരായ കെ പി തോമസ്, ജയ്സൺ ചുഴുകുന്നിൽ, രാജു മാമ്പിലാക്കൽ,കുട്ടൻപിള്ള എന്നിവർ പ്രസംഗിച്ചു.