കോട്ടയം : തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വളർത്താനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് കേരള കോൺഗ്രസ് വിഭാഗങ്ങൾ. മറുചേരിയിൽ നിന്ന് കൂടുതൽ നേതാക്കൾ എത്തുമെന്ന അവകാശവാദവുമായി ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങൾ രംഗത്തെത്തി. അതേസമയം ഒപ്പമുള്ള നേതാക്കൾ കൊഴിഞ്ഞുപോകില്ലെന്ന പ്രതീക്ഷയിലാണ് ഇരുവിഭാഗവും.
ജോസഫ് വിഭാഗം കേരള കോൺഗ്രസിൽ നിന്നും നേതാക്കൾ കേരള കോൺഗ്രസ് എമ്മിലേക്ക് എത്തുമെന്നായിരുന്നു ജോസ് കെ മാണിയുടെ അവകാശവാദം. പാലായിലെ പരാജയത്തിലെ ജാള്യത മറയ്ക്കാനാണ് ഈ പ്രചാരണമെന്നാണ് മോൻസ് ജോസഫിന്റെ മറുപടി. ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് ജോസഫ് പക്ഷത്തേക്കാണ് നേതാക്കൾ എത്താൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കാൽക്കീഴിലെ മണ്ണൊലിച്ചുപോകുന്നത് പിജെ ജോസഫും കൂട്ടരും അറിയുന്നില്ലെന്ന് ചീഫ് വിപ്പ് എൻ ജയരാജ് തിരിച്ചടിച്ചു. പരസ്പരം അവകാശ വാദങ്ങൾ തുടരുമ്പോഴും ഒപ്പമുള്ളവരുടെ കൊഴിഞ്ഞുപോക്കിന് തടയിടാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് ഇരുവിഭാഗവും.