ദുബായ്: ദെയ്‌റഫ്രിജ് മുറാര്‍ അല്‍ റാസിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടന്‍ റിജേഷും (38) ഭാര്യ ജെഷിയുമാണ് (32) മരണപ്പെട്ടത്. അടുത്ത മുറിയിലെ തീ റിജേഷും ജെഷിയും താമസിച്ചിരുന്ന മുറിയിലേക്ക് പടരുകയായിരുന്നു. പുതുതായി പണിത വീട്ടിലേക്ക് താമസം മാറാനിരിക്കെയാണ് ദമ്പതികളുടെ അപ്രതീക്ഷിത വിയോഗം. ജൂണില്‍ വീടിന്റെ ഗ്രഹപ്രവേശനത്തിനായി എത്താനിരിക്കുകയായിരുന്നു ഇരുവരും.
11 വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കുട്ടികളില്ല. റിജേഷിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. ആറു മാസം മുന്‍പാണ് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ റിജേഷ് നാട്ടിലെത്തിയത്. 11 വര്‍ഷമായി ദുബായില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ദുബായ് ഖിസൈസിലെ ക്രസന്റ് സ്‌കൂളില്‍ അധ്യാപികയായിരുന്നു ജെഷി.