തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടത്തില്‍ ലോകപ്രശംസ നേടിയ കേരള മോഡലിന് മങ്ങലേല്‍ക്കുന്നു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമാകുമെന്ന പ്രവചനം ശരിവെച്ച് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ മുന്നൊരുക്കങ്ങളിലെ പാളിച്ചകള്‍ കൂടിയാണ് പുറത്തുവരുന്നത്.
കേരളത്തിലെ കൊവിഡ് വ്യാപനം സംബന്ധിച്ച യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ. കേരളത്തില്‍ 80 ലക്ഷം പേര്‍ക്ക് വരെ കൊവിഡ് ബാധിക്കാം എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് നിഷേധിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പക്ഷേ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അപകട സാധ്യത അക്കമിട്ട് നിരത്തി. രോഗികളുടെ എണ്ണം ലക്ഷങ്ങളിലേക്ക് കടന്നേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിംഗ്‌ളര്‍ കമ്പിനിയെ ഏല്‍പ്പിച്ചതിനു കാരണമായി സര്‍ക്കാര്‍ അവതരിപ്പിച്ചതും ഇതേ കണക്കുകളായിരുന്നു.
സംസ്ഥാനത്തെ നാലിലൊന്ന് ജനസംഖ്യയെയും കൊവിഡ് പിടികൂടിയേക്കാം എന്ന് കണക്കുകള്‍ അടിസ്ഥാനമാക്കിയുളള ഒരുക്കങ്ങളാണ് മാസങ്ങളായി നടന്നുവന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് കിടത്തിച്ചികില്‍സ നല്‍കാന്‍ റെഡിയെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനവും ഇതേ ഘട്ടത്തില്‍ വന്നു. എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളി മുന്നില്‍ വന്നപ്പോള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ താല്‍ക്കാലിക ചികില്‍സാ കേന്ദ്രങ്ങളൊരുക്കാനുളള നെട്ടോട്ടത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശഭരണ സ്ഥാപനങ്ങളും. പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് വിദഗ്ധര്‍ ആദ്യം മുതലേ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രവാസികളിലായിരുന്നു ഏറെയും കേന്ദ്രീകരിച്ചത്. ഇതിനിടെ സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നത് കണ്ടില്ല. ലക്ഷണമില്ലാത്തവരെയും പരിശോധിക്കണമെന്ന ഐസിഎംആര്‍ നിര്‍ദേശവും നടപ്പായില്ല.
സ്വകാര്യ ആശുപത്രികളെ കൊവിഡ് പ്രതിരോധവുമായി ബന്ധിപ്പിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ബാക്കിയാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ് താഴെ തട്ടില്‍ കൊവിഡ് പ്രതിരോധത്തിനായി ഇപ്പോള്‍ അവതരിപ്പിക്കുന്നതെങ്കിലും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം പ്രശ്‌നമാണ്. ഏറ്റവുമടുത്ത ആരോഗ്യ കേന്ദ്രങ്ങളുമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളെ ബന്ധിപ്പിക്കാനാണ് തീരുമാനമെങ്കിലും രോഗപ്പകര്‍ച്ചയുടെ വേഗത്തിനൊപ്പം ഇവ സജ്ജമാകുമോയെന്ന ചോദ്യം ബാക്കി. ചുരുക്കത്തില്‍ രോഗവ്യാപനം മറ്റ് സംസ്ഥാനങ്ങളുടെ മാതൃകയില്‍ നീങ്ങുമ്പോള്‍ ഇതേ പ്രതിസന്ധികളാണ് കേരളത്തിനു മുന്നിലുമുള്ളത്.
കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തില്‍ മറ്റുള്ളവരുടെ പുകഴ്തലുകളില്‍ സര്‍ക്കാര്‍ വീണുപോയി എന്നുകരുതാം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തങ്ങളുടെ പ്രതിച്ഛായ കൂട്ടുവാന്‍ ശ്രമിച്ചു. മാധ്യമങ്ങളെക്കൊണ്ട് സര്‍ക്കാര്‍ നടപടികള്‍ ലോകത്ത് നമ്പര്‍ വണ്‍ ആണെന്ന് എഴുതിച്ചു. വിദേശ മാധ്യമങ്ങളെപ്പോലും സ്വാധീനിക്കുന്നതില്‍ ഇടതുപക്ഷ സഹയാത്രികരായ ചില മാധ്യമപ്രവര്‍ത്തകരുടെ പങ്കും ചെറുതല്ല. പ്രവാസികള്‍ എത്രവന്നാലും അവരെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുമെന്നും അവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുള്ള എല്ലാ സൌകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കിയെന്നും പറഞ്ഞവര്‍ പിന്നീട് പ്രവാസികള്‍ കേരളത്തില്‍ എത്തുന്നത് തടയുവാന്‍ ശ്രമിച്ചു.
നിലവില്‍ നിരവധി പാളിച്ചകളുമായിട്ടാണ് സംസ്ഥാനം മുമ്പോട്ട് പോകുന്നത്. എടുത്ത തീരുമാനങ്ങളും പറയുന്ന കാര്യങ്ങളും പൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ കഴിയുന്നില്ല. പരിശോധനകള്‍ വ്യാപകമായി നടത്തി രോഗികളെ കണ്ടെത്തുന്നില്ല. കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചാലും അവിടെ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നില്ല. പരിശോധനാ ഫലങ്ങള്‍ ലഭിക്കുവാനുള്ള കാലതാമസം രോഗപ്പകര്‍ച്ച വ്യാപകമാക്കുന്നു. നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കും പരാതികള്‍ ഏറെയാണ്. സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്നിടത്ത് ഇത്രയൊക്കെയേ പറ്റൂ, വേണമെങ്കില്‍ ഉപയോഗിച്ചോ എന്ന നിലപാടാണ് ചില കേന്ദ്രങ്ങളില്‍. എന്തായാലും കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ആദ്യമുണ്ടായിരുന്ന ആവേശവും ശുഷ്കാന്തിയും പിണറായി സര്‍ക്കാരിന് നഷ്ടപ്പെട്ടു.