കണ്ണൂർ: തീവണ്ടികൾ തിങ്ങിഞെരുങ്ങി ഓടുമ്പോഴും കേരളത്തിന് ആവശ്യത്തിന് മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ഇല്ല. കേരളത്തിലേക്കുള്ള ത്രീ ഫെയ്സ് മെമു റേക്കിന്റെ (കോച്ച്) വരവ് നിലച്ചതാണ് പ്രധാന കാരണം. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി വന്ദേഭാരതിന്റെ സമ്മർദത്തിലായപ്പോൾ മെമു റേക്കിന്റെ നിർമാണം ചുരുക്കി. ഇതിനൊപ്പം എംപിമാരുടെ ഇടപെടലും ദുർബലമായപ്പോൾ റെയിൽവേ കേരളത്തിന്റെ ഹ്രസ്വദൂരയാത്രയെ പൂർണമായും തഴഞ്ഞു. 12 മെമു മാത്രമാണ് കേരളത്തിലുള്ളത്. പാലക്കാട്ടെ മെമു ഷെഡിന്റെ വിപുലീകരണം മെല്ലെയായതും കേരളത്തിന് തിരിച്ചടിയായി. അത് പൂർത്തിയായാലേ പാലക്കാട് ഡിവിഷനിൽ പുതിയ മെമു സർവീസിന് സാധ്യതയുള്ളൂ. നിലവിലുള്ള 180 മീറ്റർ പരിശോധനാലൈനിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാനാകില്ല.
280 മീറ്ററിന്റെ മറ്റൊരു പിറ്റ്‌ലൈൻകൂടി പൂർത്തിയാക്കണം. എങ്കിൽ കൂടുതൽ വണ്ടികൾക്ക് അറ്റകുറ്റപ്പണി നടത്താം. നിലവിൽ 90 ശതമാനം പ്രവൃത്തി പൂർത്തിയായി. കൊല്ലം മെമു ഷെഡിലും നവീകരണം നടക്കുകയാണ്. പരമ്പരാഗത പാസഞ്ചറുകൾ മാറ്റി മെമു ആക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചതും മുടങ്ങി. ദിവസം 200 കിലോമീറ്ററിലധികം ഓടുന്ന 11 പാസഞ്ചർ വണ്ടികളെ 2023-ൽ റെയിൽവേ എക്സ് പ്രസ്സുകളാക്കി. അപ്പോൾ പല സ്റ്റോപ്പുകളും ഒഴിവാക്കി. അതിന് പകരമായി മെമു സർവീസ് വേണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഇപ്പോൾ പുറത്തിറങ്ങുന്ന ഇഎംയു-ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് (എമു) കേരളത്തിന്റെ മറ്റൊരു പ്രതീക്ഷയാണ്. മുഴുവനും ശീതീകരിച്ച എമുവിൽ തത്സമയം ടിക്കറ്റെടുത്ത് കയറാം. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമാണം.