തിരുവനന്തപുരം : ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കേരളത്തിലും സമരമുഖങ്ങൾ തുറന്ന് കർഷക സംഘടനകൾ. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. കർഷകസമരത്തെ രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനം ബിജെപി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു.
ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യവുമായാണ് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും അനിശ്ചിതകാല സമരം ആരംഭിച്ചത്. കേന്ദ്രത്തിലെ ഒരു സർക്കാർ പോലും ഇത്ര കർഷകദ്രോഹ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത എസ്.രാമചന്ദ്രൻപിള്ള. കേന്ദ്രം വൻകിട കോർപറേറ്റുകൾക്കൊപ്പമാണ്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു, നീല ലോഹിതദാസൻ നാടാർ ഉൾപ്പെടെയുള്ള ഇടതുനേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഡൽഹിയിലെ സമരം ഒത്തുതീർപ്പാകുന്നതു വരെ സംസ്ഥാനത്തും പ്രക്ഷോഭം തുടരാനാണ് സംയുക്ത കർഷകസമിതിയുടെ തീരുമാനം.