തിരുവനന്തപുരം: പൗരത്വ നിയമ വിഷയത്തില്‍ തനിക്കെതിരെ വിമര്‍ശനം കടുക്കുമ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്നും അതില്‍ വീഴ്‍ച വരുത്തിയാല്‍ വിമര്‍ശിക്കാമെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
എത്ര സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്തം നിറവേറ്റും. തെരുവിലിറക്കില്ലെന്ന് ഭീഷണിയുണ്ടായ അന്ന് മുതൽ തുടർച്ചയായി യാത്ര ചെയ്യുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. നിയമസഭ പാസ്സാക്കിയ പ്രമേയം തള്ളിയ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കടുത്ത വിമർശനമാണ് ഉന്നയിച്ചത്.