പത്തനംതിട്ട : തിരുവല്ല – തെങ്കാശി കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ഡ്രൈവറെ ബസ്സില്‍ കയറി ആക്രമിച്ചു പരിക്കേല്പിച്ചു. മുഖത്തും ശരീരത്തും പരിക്കേറ്റ ഡ്രൈവര്‍ തിരുവല്ല സ്വദേശി കെ.എ മുരുകേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് അടൂര്‍ മുല്ലശ്ശേരില്‍ അനന്തകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ഡിപ്പോയിലെ ആര്‍.പി.സി 929 നമ്പര്‍ ബസ്സിന്റെ ഡ്രൈവറാണ് അക്രമത്തിന് ഇരയായത്.
ഇന്ന് ഒരുമണിക്ക് ബസ്സ് പത്തനംതിട്ട ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴായിരുന്നു സംഭവം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം. ബസ്സ് പത്തനംതിട്ട സ്റ്റാന്‍ഡില്‍ കയറിയപ്പോള്‍ പിന്നാലെ എത്തിയ സംഘം ബസ്സില്‍ കയറി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ മുഖത്തും ശരീരത്തും സാരമായി പരിക്കേറ്റു. ബസ്സ് പത്തനംതിട്ടകൊണ്ട് സര്‍വീസ് അവസാനിപ്പിച്ചു . യാത്രക്കാരെ മറ്റു ബസ്സുകളില്‍ കയറ്റി വിട്ടു. അക്രമം നടത്തിയ സംഘത്തില്‍ വേറെയും ആളുകള്‍ ഉണ്ടായിരുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.