ചെങ്ങന്നൂർ: പാണ്ടനാട് അടിച്ചിക്കാവ് ദേവീക്ഷേത്രത്തിൽ കാണിക്കവഞ്ചികളും ശ്രീകോവിലും കുത്തിത്തുറന്ന് മോഷണം നടന്നിട്ട് ആഴ്ച ഒന്ന്പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു . നിരവധി കവർച്ചാ കേസുകളിൽ പിടിയിലായ ശേഷം ശിക്ഷ അനുഭവിച്ച് പരോളിലിറങ്ങിയവരാണ് ക്ഷേത്ര കവർച്ചക്ക് പിന്നിലെന്നും മോഷ്ടാക്കളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും കുറച്ചു ദിവസം മുൻപ് ആത്മവിശ്വാസത്തോടെ വെളിപ്പെടുത്തിയ അന്വേഷണ സംഘമാണ് ഇപ്പോൾ അന്വേഷണം എങ്ങുമെത്താതെ വിയർക്കുന്നത്.
കഴിഞ്ഞ ഒൻപത് ദിവസമായി പ്രത്യേക പോലീസ് സംഘത്തിന്റെയും ടെംബിൾ സ്കോഡിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. എന്നിട്ടും കള്ളന്മാരെക്കുറിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. പാണ്ടനാട് കിഴക്ക്, പാണ്ടനാട് പടിഞ്ഞാറ് എന്നീ എൻ.എസ്.എസ്.കരയോഗങ്ങളുടെ ഉടമസ്ഥതയിലുള്ള അടിച്ചിക്കാവ് ദേവീക്ഷേത്രത്തിൽ മോഷണം നടന്ന വിവരം പുറം ലോകമറിയുന്നത് ഡിസംബർ 28ന് പുലർച്ചെയാണ്. ക്ഷേത്രത്തിനുള്ളിൽ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന മൂന്നു കാണിക്കവഞ്ചികളും ഓഫീസും കുത്തിത്തുറന്നും താക്കോലിട്ട് ശ്രീ കോവിൽ തുറന്നുമായിരുന്നു മോഷണം. ഓഫീസ് മുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂവായിരം രൂപ ഉൾപ്പെടെ 20,000 ത്തോളം രൂപ കളവ് പോയിട്ടുണ്ടെന്നാണ് ക്ഷേത്ര ഭാരവാഹികൾ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ ഓട്ടുപാത്രങ്ങളsക്കം വിലയേറിയ ഒട്ടനവധി വസ്തുവകകൾ അവിടുണ്ടായിരുന്നു. അവയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. ശ്രീകോവിൽ കുത്തിത്തുറന്നെങ്കിലും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന വെള്ളിയിൽ തീർത്ത തിരുവാഭരണവും എടുത്തിട്ടില്ല.
പൂട്ട് പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് കമ്പി പാര ക്ഷേത്രത്തിന്നു മുന്നിലുള്ള കാണിക്കമണ്ഡപത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തിട്ടുണ്ട്. മോഷണതലേന്നു വരെ ക്ഷേത്രത്തിൽ നടന്നുവന്ന 41 ദിവസത്തെ ചിറപ്പ് ഉത്സവത്തിന് ദേവിക്ക് സ്വർണമാല ചാർത്തിയിരുന്നു. എന്നാൽ ചാർത്തിയ മാല , ചിറപ്പ് കഴിഞ്ഞ് ഊരി ഭദ്രമായി സൂക്ഷിച്ചിരുന്നതിനാൽ അവയും നഷ്ടപ്പെട്ടില്ല. ഫ്യൂസ് ഊരി, ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചായിരുന്നു മോഷണം.
മോഷണത്തെത്തുടർന്ന് പോലീസ് നായയെ ഉൾപ്പെടെ എത്തിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ക്ഷേത്രത്തിൽ നിന്ന് മണം പിടിച്ചോടിയ പോലീസ് നായ രണ്ടു കിലോമീറ്ററിനപ്പുറം നാക്കട കടവിന് സമീപം ചെന്നു നിൽക്കുകയായിരുന്നു. അതേ ദിവസം ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്ന് മോഷണം പോയ സൈക്കിൾ തിക്കപ്പുഴയിൽ നിന്ന് ലഭിച്ചു. പോലീസ് നായ ഇവിടെ നിന്ന് മണം പിടിച്ചോടി, പനയന്നാർക്കാവ് ക്ഷേത്രത്തിന് സമീപത്തെ കടവിലാണ് നിന്നത്.
ക്ഷേത്രത്തിലും സമീപത്തെ വീടുകളിലും ക്യാമറകൾ ഇല്ലാത്തതും പോലീസിനെ കുഴപ്പിക്കുന്നു.
ഇവിടത്തെ മോഷണത്തിന് ശേഷം ദിവസങ്ങൾക്കകം അധികം അകലെയല്ലാത്ത പനയന്നാർക്കാവ് മുത്താരമ്മൻ കോവിലിലും സമാനമായ കവർച്ച നടന്നു. ഇവിടെ നിന്നും ദേവിക്കു ചാർത്തിയിരുന്ന സ്വർണമാലയാണ് മോഷണം പോയത്. ഇവിടത്തെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചെങ്കിലും ചില്ലറയക്കം സമീപത്തെ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.