കൊച്ചി: ഖജനാവ് കാലിയാണെന്ന് ദിനംപ്രതി സര്‍ക്കാര്‍ കരയുമ്പോള്‍ കരണ്ട് മന്ത്രിയുടെ കാറിനു മരുന്നു വാങ്ങിയ തുക കേട്ടാല്‍ ഷോക്കടിക്കും. മൂന്നു വര്‍ഷം കൊണ്ട് മന്ത്രി എം.എം മണി പുതുപുത്തന്‍ ഇന്നോവയില്‍ നടത്തിയത് 16.21 ലക്ഷം രൂപയുടെ അറ്റകുറ്റപണി . മന്ത്രി മണി വണ്ടി പണിത കാശുണ്ടെങ്കില്‍ ഒരു പുത്തന്‍ ഇന്നോവ വാങ്ങാമെന്ന് മണിയാശാനൊഴിച്ച് എല്ലാ മണ്ടന്‍മാര്‍ക്കും അറിയാം. 20 ലക്ഷം രൂപയുടെ ഇന്നോവയ്ക്ക് 3 മൂന്നു വര്‍ഷത്തെ മെയിന്റനന്‍സ് ചിലവ് 16 ലക്ഷത്തിലേറെ.
പുതിയ കാര്‍ വാങ്ങിയാല്‍ 5വര്‍ഷം ഗ്യാരണ്ടി നല്‍കുന്ന കമ്പനിയാണ് ഇന്നോവയുടെ നിര്‍മാമാതാക്കളായ ടയോട്ട. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ മന്ത്രിക്കു കാര്‍ നന്നാക്കാനുള്ള ഇനത്തില്‍ ഇത്രയും തുക അനുവദിച്ചതില്‍ ദുരൂഹത ഏറെയാണ്. പെന്‍ഷന്‍ നല്‍കാന്‍ പണമില്ലാതെ ട്രഷറി അടച്ചു പൂട്ടിയ സംഭവത്തിന് അധികം പഴക്കമില്ല, ശമ്പളം നല്‍കാന്‍ കാശില്ലാതെ കെ.എസ്. ആര്‍.ടി സി യില്‍ നിന്ന് തൊളിലാളികളുടെ പിരിച്ചുവിടലിന് അധികം പഴക്കമില്ല.
കണ്ണട വാങ്ങാന്‍ പതിനായിരങ്ങള്‍ എഴുതിയെടുത്ത ഭരണകര്‍ത്താക്കളുള്ള മന്തിസഭയില്‍ പണം ദുരുപയോഗം ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മണി മന്ത്രി തന്നെ. പാവം ജനങ്ങളെ പിഴിഞ്ഞു ഖജനാവിലേയ്ക്ക് പണം സമ്പാദിക്കുന്നതിന് 1000 സ്‌ക്വയര്‍ ഫീറ്റിനു മുകളിലുള്ള വീടുകള്‍ക്കു തൊഴിലാളി സെസ് പുതിയ തന്ത്രം കൂടി സര്‍ക്കാര്‍ പയറ്റുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് മന്ത്രി മണിയുടെ കാറിന്റെ അറ്റകുറ്റപ്പണിയുടെ പേരില്‍ ഈ തീവെട്ടിക്കൊള്ള.