തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ വായിച്ചു. നേരത്തെ വിമര്‍ശനങ്ങള്‍ വായിക്കില്ലെന്നറിയിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇത് വായിക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു. ഇത് തന്റെ അഭിപ്രായമല്ലെന്നും പറഞ്ഞ ശേഷമാണ് ഗവര്‍ണര്‍ പരാമര്‍ശം വായിച്ചത്. വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്കുന്നു എന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് ഇതാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇത് സര്‍ക്കാരിന്റെ നയമല്ല കാഴ്ചപ്പാട് ആണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ 18ാം ഖണ്ഡികയിലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമര്‍ശനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. എതിര്‍പ്പുള്ള ഭാഗം വായിക്കാതെ ഒഴിവാക്കാന്‍ ഗവര്‍ണര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇതനുസരിച്ച് ഈ ഭാഗം വായിക്കാതെ ഒഴിവാക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാറിന്റെ നടപടിയും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ശരിവെക്കുന്നുണ്ട്. സി.എ.എക്കെതിരായ പരാമര്‍ശങ്ങള്‍ വായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാവിലെ കത്ത് നല്‍കിയെന്നാണ് സൂചന. സി.എ.എ പരാമര്‍ശം വായിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചായിരുന്നു കത്ത്.
അതേസമയം നിയമസഭയില്‍ നയപ്രഖ്യാപനത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. സ്പീക്കര്‍ ഡയസിലേക്ക് ഗവര്‍ണറെ കടത്തി വിടാതെ സഭയുടെ നടുത്തളത്തില്‍ പ്രതിപക്ഷം തടയുക ആയിരുന്നു. പ്ലക്കാര്‍ഡുകളും ബാനറും ഉയര്‍ത്തി ആയിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മാത്രമല്ല ഗോ ബാക്ക് ഗവര്‍ണര്‍ വിളികളും മുഴങ്ങി. മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് അനുനയ ശ്രമങ്ങള്‍ നടത്തി എങ്കിലും കാര്യം ഉണ്ടായില്ല.
പ്രതിഷേധം തുടര്‍ന്ന അംഗങ്ങളെ വാച്ച് ആന്‍ഡ് ഗാര്‍ഡ് എത്തി നീക്കുകയായിരുന്നു. വാച്ച് ആന്‍ഡ് ഗാര്‍ഡും പ്രതിപക്ഷ എം എല്‍ എമാരും തമ്മില്‍ ബലപ്രയോഗം ഉണ്ടായി. പല എംഎല്‍എ മാരെയും നിലത്തൂടെ വലിച്ചിഴച്ച് നീക്കി. ഒടുവില്‍ വാച്ച് ആന്‍ഡ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് ഗവര്‍ണറെ സ്പീക്കറുടെ ഡയസില്‍ എത്തിച്ചത്. സ്പീക്കര്‍ നയപ്രഖ്യാപനം നടത്തുന്നതിനിടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി. നിയമസഭാ മന്ദിരത്തിന്റെ പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.
അതേസമയം റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗങ്ങളുടെ വിശദാംശങ്ങള്‍ തേടി ഗവര്‍ണറുടെ ഓഫീസ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് കത്തയച്ചു. മന്ത്രിമാരുടെ പ്രസംഗങ്ങള്‍ പ്രസിദ്ധീകരിച്ച പത്രങ്ങളുടെ കട്ടിംഗുകള്‍ അടിയന്തരമായി അയച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവന്‍ പിആര്‍ഒ ആണ് എല്ലാ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാക്കും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കത്ത് അയച്ചത്.
ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളുടെ പത്ര കട്ടിംഗുകള്‍ ആവശ്യപ്പെടാറുണ്ടെങ്കിലും ഇതാദ്യമായാണ് മന്ത്രിമാരുടെ പ്രസംഗങ്ങളുടെ വിശദാംശങ്ങള്‍ രാജ്യഭവന്‍ തേടുന്നത്. മന്ത്രിമാരുടെ റിപ്പബ്ലിക് ദിന സന്ദേശങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു.