എടത്വ : സര്‍ക്കാരിന്റെ ജനകീയ അദാലത്തില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ പരസ്യമായ ലംഘനം. ഇതിന് മന്ത്രിമാരും മൗനാനുമതി നല്‍കുന്നു. തുടര്‍ച്ചയായ രണ്ടാംദിവസവും സര്‍ക്കാര്‍ അദാലത്തില്‍ വന്‍ ജനത്തിരക്കാണ്. ഒരു സൈഡില്‍ ജനങ്ങളെ ഭീതിപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ പരിപാടികളില്‍ ഇതൊന്നും ബാധകമല്ലെന്ന നിലപാടാണുള്ളത്.
എടത്വ സെന്റ് അലോഷ്യസ് കോളജിലെ അദാലത്തിലാണ് കോവിഡ് നിയന്ത്രണത്തിന് പുല്ലുവില കാണിച്ചുകൊണ്ടുള്ള തിരക്ക്. പരിപാടിയില്‍ മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനുമാണ് പങ്കെടുക്കുന്നത്. വയോധികരും അസുഖം ബാധിച്ചവരും കുട്ടികളും ഉള്‍പ്പടെ അദാലത്തില്‍ പരാതികളുമായി എത്തിയിട്ടുണ്ട്.
ഇന്നലെയും മന്ത്രിമാര്‍ പങ്കെടുത്ത പരാതി പരിഹാര അദാലത്തില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നിരുന്നു. തജനത്ത് സ്‌കൂളില്‍ നടന്ന അദാലത്തില്‍ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. ഇവിടെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായുള്ള യാതൊരുവിധ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ തന്നെ ജനങ്ങളെ മഹാമാരിയിലേയ്ക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ നടന്ന അദാലത്തിലാണ് ആളകലം പാലിക്കാതെ ആയിരങ്ങള്‍ തടിച്ചുകൂടുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്തു എന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയില്‍ കോവിഡ് മഹാമാരിയെ സര്‍ക്കാര്‍പോലും അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അഞ്ചു വര്‍ഷം ചുവന്ന റിബണില്‍ കുരുക്കി വെച്ചിരുന്ന പരാതിക്കെട്ടുകള്‍ ഇപ്പോള്‍ പുറത്തെടുത്തത് വോട്ട് ലക്‌ഷ്യം വെച്ചുകൊണ്ടാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി എ.ജെ ഷാജഹാന്‍ പറഞ്ഞു. വ്യാപാര സ്ഥാപനത്തില്‍ അഞ്ചുപേരില്‍ കൂടുതല്‍ കണ്ടാല്‍ വ്യാപാരിക്കെതിരെ കേസെടുക്കുന്ന പോലീസിന് ഈ അദാലത്ത് സംഘടിപ്പിച്ച രണ്ടു മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ ധൈര്യമുണ്ടോയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്കൂടിയായ എ.ജെ ഷാജഹാന്‍ ചോദിച്ചു.