കൊച്ചി : നൂറു കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയില്‍. കേരള ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയിരുന്ന പത്തനംതിട്ട ചൂരക്കോട് സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (56) ആണ് അറസ്റ്റിലായത്. കോടികളുടെ നിക്ഷേപ തട്ടിപ്പ് ഒന്നരവര്‍ഷം മുമ്പ് പുറത്തുവിട്ടത് പത്തനംതിട്ട മീഡിയയാണ്. വീഡിയോകള്‍ കാണുന്നതിന് പത്തനംതിട്ട മീഡിയ ഫെയ്സ് ബുക്ക് പേജില്‍ വീഡിയോ ഗാലറി സന്ദര്‍ശിക്കുക http://www.facebook.com/mediapta
സെന്‍ട്രല്‍ പോലീസാണ് ഇയാളെ അറസറ്റ് ചെയ്തത്. എറണാകുളം അസി. കമ്മിഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയ ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരിനോടു സാമ്യം തോന്നുന്ന വിധത്തിലാണു സ്ഥാപനം തുടങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി 29 ശാഖകളുണ്ട്. 14ശതമാനം പലിശയ്ക്കു സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു പെന്‍ഷന്‍ ആകുന്നവരെയാണു പ്രധാനമായും വലയിലാക്കിയത്.
വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുക നിക്ഷേപിച്ചാല്‍ ഓരോ മാസവും ശമ്പളം പോലെ ഒരു തുക തിരികെ നല്‍കുമെന്നു തെറ്റിദ്ധരിപ്പിച്ചു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്, ഷിപ്‌യാഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നു പെന്‍ഷന്‍ പറ്റിയ പലരും കെണിയില്‍ പെട്ടു. ലക്ഷങ്ങളും കോടികളുംനിക്ഷേപിച്ചവരുണ്ട്.
ആദ്യ മാസങ്ങളില്‍ കൃത്യമായി പലിശ കൊടുത്ത് ആളുകളുടെ വിശ്വാസം പിടിച്ചുപറ്റുകയും ഇവരിലൂടെ കൂടുതല്‍ പേരുടെ നിക്ഷേപം സമാഹരിക്കുകയും ചെയ്യും. കൃത്യ സമയത്തു പലിശ ലഭിക്കാതായതോടെ പരാതിയുയര്‍ന്നു. ഒന്നര വര്‍ഷം മുന്‍പ് ശാഖകളെല്ലാം അടച്ചുപൂട്ടി. പല തവണ പ്രതി പോലീസിനെ വെട്ടിച്ചു കടന്നു.
പ്രതി തൊടുപുഴയില്‍ ഉണ്ടെന്ന് വ്യാഴാഴ്ച വിവരം ലഭിച്ചു. തൊടുപുഴ കോലാനിയില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്നു ഇയാള്‍. പോലീസിനെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചെങ്കിലും തന്ത്രപൂര്‍വം പിടികൂടി. നിക്ഷേപകരുടെ പണം ഉപയോഗിച്ചു തിരുവനന്തപുരത്തും കൊച്ചിയിലും മറ്റും ഭൂമിയും സ്ഥലങ്ങളും ആഡംബര യാത്രാ ബസുകളും മറ്റും വാങ്ങിക്കൂട്ടിയിട്ടുണ്ട്.
ഇയാള്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ 17 കേസുകളുണ്ട്. നോര്‍ത്ത്, ഹില്‍പാലസ് സ്റ്റേഷനുകളില്‍ ഓരോ കേസും ആലപ്പുഴയില്‍ 12 കേസും ചേര്‍ത്തലയിലും തിരുവനന്തപുരത്തും രണ്ട് വീതം കേസുകളും നിലവിലുണ്ട്. സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ കൃഷ്ണന്‍ നായരെയും എറണാകുളം ബ്രാഞ്ച് മാനേജര്‍ ഗോപാലകൃഷ്ണനെയും സെന്‍ട്രല്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.