കാസര്‍കോട് : കേരള – കർണാടക അതിര്‍ത്തി തുറന്നു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളിലേക്കു പോകാം. രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കും. അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
കാസര്‍കോടു നിന്ന് മംഗലാപുരത്തേക്കുള്ള ദേശീയപാത തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കർണാടക സർക്കാരിന്റെ നിലപാട് മാറ്റം. അതിർത്തിയിലെ പ്രശ്നത്തിൽ ഹൈക്കോടതി നിർദേശപ്രകാരം കേരള, കർണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നടത്തിയ ചർച്ച ഫലം കണ്ടില്ല. തുടർന്നാണു തടസ്സം നീക്കാനുള്ള കോടതി നിർദേശം.
ദേശീയപാതകള്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍പ്പെട്ട വിഷയമാണെന്നും ഇവയിലൂടെയുള്ള സഞ്ചാരം ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും കോടതി ഉത്തരവിൽ പറയുന്നു. പൗരന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ബാധ്യതയുണ്ട്. കേരള ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞിരുന്നു.
ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തടസപ്പെട്ട റോഡുകൾ തുറക്കാൻ അടിയന്തര നടപടിയെടുക്കണം. കേന്ദ്ര സർക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്വം. എതിർ കക്ഷികൾ മൂന്ന് ആഴ്‍ച്ചക്കുള്ളിൽ എതിർ സത്യവാങ്മൂലം നൽകണം. ഹർജിയിൽ മറ്റ് ആവശ്യങ്ങൾ ഉണ്ട്. പക്ഷേ അത് ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ചക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.