കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും പിൻവലിക്കാൻ നീക്കം. സംസ്ഥാനത്ത് പോലീസ് കാവലുള്ള എല്ലാ നേതാക്കളുടെയും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നിലവിൽ സുരക്ഷാഭീഷണിയുണ്ടോയെന്ന കാര്യവും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ രഹസ്യാന്വേഷണവിഭാഗത്തിന് ആഭ്യന്തരവകുപ്പ് നിർദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. മലബാർ മേഖലയിൽ പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ രാഷ്ട്രീയസംഘർഷം കുറഞ്ഞ സാഹചര്യത്തിൽ നേതാക്കൾക്ക് നൽകുന്ന പോലീസ് സുരക്ഷ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ കൂടാതെ 50-ലധികം നേതാക്കൾ സഞ്ചരിക്കുന്നത് പ്രത്യേക സുരക്ഷാ വലയത്തിലാണ്. നേതാക്കൾക്കുള്ള സുരക്ഷാകാര്യങ്ങൾ തീരുമാനിക്കാനുള്ള കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ അന്തിമതീരുമാനമാകും.
‘അനധികൃതമായി’ നേതാക്കൾക്ക് പോലീസ് സംരക്ഷണവും ഗൺമാൻമാരെയും നൽകുന്നത് അവസാനിപ്പിക്കണമെന്ന് കെ.എസ്‍.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകുകയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പ് കഴിഞ്ഞദിവസം മാറ്റുകയുംചെയ്ത പശ്ചാത്തലത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നിർദേശം. പിണറായിയുടെ വീടിന് മുന്നിലെ ജീപ്പ് മാറ്റിയെങ്കിലും കാവൽ നിൽക്കുന്ന പോലീസുകാരെ പിൻവലിച്ചിട്ടില്ല.































