പത്തനംതിട്ട : ജിഎസ്ടി പോർട്ടലിലൂടെ വ്യാപാരികൾക്ക് സംസ്ഥാന സർക്കാരിന്റെ ഇരുട്ടടി ബില്ലുകൾ. കാണാമറയത്തെ ബില്ലുകളും പിഴകളും കാണാനാകാതെ പല വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണ്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ നിസ്സാര കാര്യങ്ങളുടെ പേരിൽ പിഴ ചുമത്തി റിട്ടേണ്‍ സമർപ്പിക്കുന്ന ജിഎസ്ടി അക്കൗണ്ടിലേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്. വ്യാപാരിക്കു നേരിട്ടു നോട്ടീസ് നൽകുന്നില്ല. പിഴ ചുമത്തിയെന്ന് ഫോണിലൂടെപോലും അറിയിക്കുന്നില്ല.
ജിഎസ്ടി അക്കൗണ്ട് നിത്യേന കൈകാര്യം ചെയ്യാത്ത പതിനായിരക്കണക്കിനു വ്യാപാരികളാണ് ഇങ്ങനെ ഇരുട്ടടി ബില്ലുകളിൽ കുടുങ്ങിയിരിക്കുന്നത്. ആയിരക്കണക്കിനു വ്യാപാരികൾ ജിഎസ്ടി അടക്കമുള്ള കണക്കുകൾ കൈകാര്യം ചെയ്യാൻ ടാക്സ് പ്രാക്ടീഷണർമാരുടെ സഹായമാണു തേടുന്നത്. മാസത്തിലൊരിക്കൽ മാത്രമാണ് ഇവരുമായി ബന്ധപ്പെടുന്നത്. അപ്പോഴേക്കും പിഴ അടയ്ക്കാൻ അനുവദിക്കപ്പെട്ട സമയപരിധിയും അപ്പീൽ കാലാവധിയും കഴിഞ്ഞിരിക്കും. പിഴപ്പലിശയും ബിസിനസ് വിലക്കും അടക്കമുള്ള കൂടുതൽ കടുത്ത നടപടികൾ പിറകേ വന്നതിനുശേഷമാണ് വ്യാപാരി വിവരം അറിയുക.
ജിഎസ്ടി നിയമപ്രകാരം, വിൽക്കുന്ന വ്യാപാരിയുടെ റിട്ടേണ്‍ വാങ്ങുന്ന വ്യാപാരിയുടെ റിട്ടേണുമായി പൊരുത്തപ്പെട്ടില്ലെങ്കിൽ ഇത്തരം നടപടികൾക്കു വിധേയരാകും. വാങ്ങുന്ന വ്യാപാരി റിട്ടേണ്‍ സമർപ്പിച്ചില്ലെങ്കിലും വിറ്റ വ്യാപാരിക്ക് ഇത്തരം ശിക്ഷ ലഭിക്കും. പിഴ ചുമത്തുന്നത് തെറ്റു തിരുത്താനുള്ള ഉപാധിയെന്ന നിലയിലാണ്. എന്നാൽ കോവിഡ് കാലത്ത് തകർന്നുപോയ വ്യാപാരികളിൽനിന്ന് പതിനായിരം രൂപ വീതം പിഴ കൊള്ളയടിച്ച് ഖജനാവ് നിറയ്ക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജോസഫ് പറഞ്ഞു.
ബഹുരാഷ്ട്ര കുത്തക കമ്പിനികളെ ലക്ഷ്യമിട്ടു തയാറാക്കിയ ജിഎസ്ടി നിയമത്തിലെ വ്യവസ്ഥകൾ പാവപ്പെട്ട ചെറുകിട വ്യാപാരികളെ വേട്ടയാടുന്ന അവസ്ഥയാണ്. മാസം മൂന്നുതരം റിട്ടേണുകൾ സമർപ്പിക്കാൻ സാധാരണ വ്യാപാരികൾ ടാക്സ് പ്രാക്ടീഷണർമാരെ സമീപിക്കേണ്ടിവരികയാണ്. ജിഎസ്ടി പോർട്ടലിലെ സാങ്കേതിക തകരാർമൂലം റിട്ടേണ്‍ സമർപ്പിക്കാൻ കഴിയാതെ വന്നാലും വ്യാപാരികൾ പിഴ അടയ്ക്കേണ്ട അവസ്ഥയാണ്. സെർവർ തകരാർമൂലം ഒരാഴ്ചയായി നിരവധി വ്യാപാരികൾക്ക് റിട്ടേണ്‍ ഫയൽ ചെയ്യാൻ കഴിഞ്ഞില്ല. ഇവരും പിഴ നല്‍കേണ്ടിവരും.