പത്തനംതിട്ട : അന്യസംസ്ഥാന തൊഴിലാളികളോട് അവരുടെ ഭാഷകളിൽ സംവദിച്ച് കേരള പോലീസ്. സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന്‍റെ ഭാഗമായാണ് ഇവർക്കായി ക്യാമ്പുകള്‍ സംഘടിപ്പിച്ച് പോലീസ് ബോധവത്കരണവും ഒപ്പം വിവരശേഖരണവും നടത്തുന്നത്. അന്യ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് തൊഴിൽ തേടി എത്തുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെങ്കിലും ഇവരെ കുറിച്ചുള്ള ചിത്രം സർക്കാർ ഏജൻസികളിൽ ഇല്ല. പലയിടത്തും കുറ്റകൃത്യങ്ങൾ കൂടുകയും ഇവരിൽ പലരും പ്രതികൾ ആകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് പോലീസ് നേരിട്ട് ഇറങ്ങിയിരിക്കുന്നത്.
അടുത്തിടെ കോഴഞ്ചേരിയിൽ പോലീസ് കണ്ടെത്തിയ ലോട്ടറി വില്പനക്കാരായ തമിഴ്നാട് സ്വദേശികളായ സഹോദരന്മാർ കൊലപാതക കേസുകളിൽ അടക്കം പ്രതികൾ ആയ ശേഷം ഇവിടെ കഴിയുകയായിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതേതുടർന്നാണ് സർക്കാർ നേരത്തെ പ്രഖ്യാപിച്ച വിവരശേഖരണം ജില്ലയിൽ ഊര്‍ജിതപ്പെടുത്തുന്നത്. പത്തനംതിട്ട ജില്ലാ തലത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോഴഞ്ചേരി, നാരങ്ങാനം ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്നവരുടെ ക്യാമ്പ് കോഴഞ്ചേരി ഈസ്റ്റ് ഗവൺമെന്‍റ് യുപിഎസിൽ നടത്തി. രണ്ട് പഞ്ചായത്തുകളിൽ നിന്നായി അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ഈ ക്യാമ്പില്‍ വെച്ച് ശേഖരിച്ചിട്ടുണ്ട്.