പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക് വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ നിർമിച്ച കാര്യങ്കോട് റെയിൽവേ പാലം പൊളിച്ചുതുടങ്ങി. ധർമടം കൂടക്കടവ് പഴയ പാലം പൊളിക്കാൻ ടെൻഡറായി. ധർമടം പുഴയിലെ പാലം, ഏഴിമല പാലം എന്നിവയാണ് ഇനി ലേലത്തിന് വെക്കുന്നത്. പഴയ പാലത്തിന് പകരം റെയിൽവേ പുതിയ പാലങ്ങൾ നിർമിച്ചിരുന്നു. 14 തൂണുകളിൽ നിൽക്കുന്ന കാര്യങ്കോട് പാലത്തിന്റെ സ്ലീപ്പർ, ഗർഡർ, റെയിൽപ്പാളം ഉൾപ്പെടെയാണ് വിറ്റത്. തമിഴ്നാട് തൃശ്ശിനാപ്പള്ളിയിലെ കമ്പനിയാണ് പഴയ പാലം വാങ്ങിയത്. അഞ്ച് തൂണുകളിൽനിന്ന് റെയിൽപ്പാളം ഉൾപ്പെടെ മാറ്റിക്കഴിഞ്ഞു. തൂണുകൾ പുഴയിൽ നിലനിർത്തും.
ധർമടം കൂടക്കടവ് പഴയ പാലത്തിന്റെ ഗർഡറും സ്റ്റീൽ സ്ലീപ്പറുമാണ് വിൽപ്പനയ്ക്ക് വെച്ചത്. കരാറിൽ പാളവും സിമന്റ് സ്ലീപ്പറും ഉൾപ്പെടില്ല. റെയിൽ ക്ലിപ്പ് മുതൽ പഴയ തീവണ്ടി എൻജിൻവരെ റെയിൽവേ ആക്രിയിനത്തിൽ വിൽക്കുന്നുണ്ട്. കഴിഞ്ഞവർഷം (2025-26) സ്ക്രാപ്പിനത്തിൽ 6,813 കോടി രൂപയാണ് റെയിൽവേ നേടിയത്. ഇത്തവണ (2026-27) ലക്ഷ്യം 6,000 കോടി രൂപയാണ്. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേക്ക് 440 കോടി രൂപയാണ് ലക്ഷ്യം. കഴിഞ്ഞവർഷം ദക്ഷിണ റെയിൽവേ 531 കോടി രൂപ നേടിയിരുന്നു.































