തിരുവല്ല : ട്രെയിനിറങ്ങിയാൽ ഇനി മറ്റു വാഹനങ്ങൾ കാത്തു നിന്നു മുഷിയേണ്ട. റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ ബൈക്കോ സ്കൂട്ടറോ വാടകയ്ക്കെടുത്ത് യാത്ര തുടരാം. വാടകയ്ക്ക് ഇരുചക്രവാഹനങ്ങൾ ലഭ്യമാക്കുന്ന പദ്ധതി കൊല്ലം ഉൾപ്പെടെ സംസ്ഥാനത്തെ 15 സ്റ്റേഷനുകളിലാണ് ആരംഭിക്കുന്നത്. ഇതിനായി തിരുവനന്തപുരം ഡിവിഷൻ കൊമേഴ്സ്യൽ വിഭാഗം കരാർ ക്ഷണിച്ചു.
സ്വകാര്യ സംഘങ്ങളുമായി സഹകരിച്ചാണു പദ്ധതി. ഡിസംബർ ഒന്നിനു കരാർ തുറന്ന് ഏറ്റവും അനുയോജ്യമായ കമ്പനിക്കു പദ്ധതി നടത്തിപ്പു ചുമതല നൽകും. കഴിഞ്ഞ മണ്ഡലകാലത്തു ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ‘റെന്റ് എ ബൈക്ക്’ പദ്ധതിക്കു മികച്ച പ്രതികരണം ലഭിച്ചതോടെയാണു പദ്ധതി വിപുലീകരിക്കാൻ റെയിൽവേ തീരുമാനിച്ചത്.
ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാരനു സ്റ്റേഷനിൽ തന്നെയുള്ള പ്രത്യേക കൗണ്ടറിൽ ബന്ധപ്പെട്ടാൽ ബൈക്ക് വാടകയ്ക്കെടുക്കാം. മണിക്കൂർ അടിസ്ഥാനത്തിലാണ് വാടക. ആവശ്യക്കാർ ഏറെയുണ്ടെങ്കിൽ നിരക്കും വർധിക്കും. മിനിമം തുക 150 രൂപ. എന്നാൽ തുടർന്നുള്ള ഓരോ മണിക്കൂറിലും എത്ര രൂപ ഈടാക്കണമെന്നു തീരുമാനിച്ചിട്ടില്ല. വാടകത്തുകയിൽ നിശ്ചിത ശതമാനം റെയിൽവേയ്ക്കു ലഭിക്കും. 6 ബൈക്കുകളോ സ്കൂട്ടറുകളോ പാർക്കു ചെയ്യാനുള്ള സ്ഥലവും റെയിൽവേ നൽകും. സ്ത്രീകൾക്കായി ഗീയർ ഇല്ലാത്ത സ്കൂട്ടറുകളും ഒരുക്കും.
ബൈക്ക് വാടകയ്ക്ക് എടുക്കുന്നതിനു മുൻപ് ആവശ്യക്കാരൻ കൃത്യമായ വിവരങ്ങളും രേഖകളും നൽകണം. ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പ്, തിരിച്ചറിയൽ കാർഡുകളിലേതെങ്കിലും ഒന്നിന്റെ പകർപ്പ് എന്നിവ നൽകണം. ഇന്ധനം നിറയ്ക്കുന്നതിന്റെ ഉത്തരവാദിത്തം വാടകയ്ക്കെടുക്കുന്ന ആൾക്കു തന്നെയാണ്.
വാഹനം സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതും വാടകയ്ക്കെടുക്കുന്നയാളുടെ ചുമതലയാണ്. സ്റ്റേഷനിലെത്തി ചെറുയാത്രകൾ നടത്തി മടങ്ങിപ്പോകുന്നവർ ഈ സൗകര്യം ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണു റെയിൽവേ. അതേസമയം ഹെൽമറ്റുകൾ നിർബന്ധമായ സാഹചര്യത്തിൽ ഇവ എങ്ങനെ യാത്രക്കാർക്കു ലഭ്യമാക്കുമെന്നതിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.