കൊച്ചി : കേരള സൈഗാള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നാടക നടനും സംഗീതജ്ഞനുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസ്സായിരുന്നു. പെരുമ്പടപ്പിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ അഞ്ച് വര്‍ഷം മുന്‍പു വരെ സംഗീത അധ്യാപനം നടത്തിയിരുന്നു. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അന്ത്യം. ഏഴാം വയസ്സില്‍ നാടക നടനായി കലാജീവിതം ആരംഭിച്ച പാപ്പുക്കുട്ടി ഭാഗവതര്‍ പിന്നീട് സംഗീത രംഗത്ത് എത്തി. കഴിഞ്ഞ മാര്‍ച്ച് 29 ന് 107 – വയസ് പൂര്‍ത്തിയാക്കിയ പാപ്പുക്കുട്ടി ഭാഗവതര്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് പിറന്നാള്‍ ആഘോഷം ഒഴിവാക്കുകയായിരുന്നു.
സംഗീത നാടക അക്കാദമിയുടേതടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. നൂറാം വയസ്സില്‍ ദിലീപ് നായകനായ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ എന്‍ കരളില്‍ താമസിക്കും പെമ്പറന്നോരെ .. എന്ന ഗാനം പാടി ശ്രദ്ധനേടിയിരുന്നു. ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ ഉറ്റ സുഹൃത്തായിരുന്നു. യേശുദാസിന്റെ സഹാദരന്റെ തലതൊട്ടത് പാപ്പുക്കുട്ടി ഭാഗവതരായിരുന്നു.
സംസ്‌ക്കാരം നാളെ രാവിലെ 11ന് പെരുമ്പടപ്പ് സാന്റ ക്രൂസ് പള്ളി സെമിത്തേരിയില്‍ നടക്കും. പരേതയായ ബേബിയാണ് ഭാര്യ .മക്കള്‍: ചലച്ചിത്രതാരം മോഹന്‍ ജോസ്, സല്‍മാ ജോര്‍ജ്ജ്, സാബു ജോസ്, ഷാദി, മരുമക്കള്‍: ഫെലീഷ്യ , സംവിധായകന്‍ കെ ജി ജോര്‍ജ്, ഷൈനി, മണി