രാജ്കോട്ട് : വിജയ് ഹസാരെ ട്രോഫിയിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന കേരളത്തിന് ഉത്തരാഖണ്ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ 225 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ്, നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 224 റൺസെടുത്തത്. സെഞ്ചുറിക്ക് ഏഴു റൺസ് മാത്രം അകലെ പുറത്തായ ക്യാപ്റ്റൻ ജയ് ബിസ്തയാണ് അവരുടെ ടോപ് സ്കോറർ. 114 പന്തുകൾ നേരിട്ട ബിസ്ത, ആറു ഫോറും മൂന്നു സിക്സും സഹിതമാണ് 93 റൺസെടുത്തത്.
ഇന്നത്തെ മത്സരത്തിൽ മികച്ച വിജയം നേടിയാൽ കേരളത്തിന് ഗ്രൂപ്പ് ചാംപ്യൻമാരായി ക്വാർട്ടറിൽ കടക്കാം. നിലവിൽ ഗ്രൂപ്പ് ഡിയിൽ കേരളത്തിനു പുറമേ മറ്റു രണ്ടു ടീമുകൾക്കു കൂടി നാലു കളികളിൽനിന്ന് 12 പോയിന്റ് വീതമുണ്ട്. ഇന്ന് ഏറ്റവും മികച്ച വിജയം നേടുന്ന ടീമാകും നേരിട്ട് ക്വാർട്ടറിലെത്തുക. രണ്ടാം സ്ഥാനക്കാർക്ക് പ്രീക്വാർട്ടറിൽ കടക്കാനും അവസരമുണ്ട്. ഉത്തരാഖണ്ഡിനായി ദിക്ഷാൻഷു നേഗിയും അർധസെഞ്ചുറി നേടി. നേഗി 68 പന്തിൽ നാലു ഫോറുകളോടെ 52 റൺസെടുത്തു. 65 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഉത്തരാഖണ്ഡിന് അഞ്ചാം വിക്കറ്റിൽ ജയ് ബിസ്ത – നേഗി സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും ചേർന്ന് 124 പന്തിൽ അടിച്ചു കൂട്ടിയത് 100 റൺസാണ്.
ഉത്തരാഖണ്ഡ് നിരയിൽ ഹിമാൻഷു ബിഷ്ത് (35 പന്തിൽ 29), ദീപേഷ് നൈൽവാൾ (21 പന്തിൽ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ടാനുഷ് ഗുസൈൻ (1), വൈഭവ് ഭട്ട് (10), റോബിൻ ബിസ്ത് (7), സ്വപ്നിൽ സിങ് (5), മുഹമ്മദ് നസിം (3) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. കേരളത്തിനായി എം.ഡി. നിധീഷ് എട്ട് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി ഒൻപത് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ജലജ് സക്സേന 10 ഓവറിൽ 42 റൺസ് വഴങ്ങിയും വിനൂപ് മനോഹരൻ ഏഴ് ഓവറിൽ 39 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. രണ്ട് ഉത്തരാഖണ്ഡ് താരങ്ങൾ റണ്ണൗട്ടായി.