തിരുവല്ല : മിനിമം 30%മാർക്ക് എന്ന നിബന്ധന ഏർപ്പെടുത്തുന്നത് ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചത്തിലാകണമെന്നും അതുവരെ പുതിയ പരീക്ഷാ പരിഷ്കാരം നടപ്പാക്കരുതെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജില്ലാതല സെമിനാർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഗുണതയും പരീക്ഷാ പരിഷ്കരണവും എന്ന വിഷയത്തിൽ സംസ്ഥാന ബാലവേദി കൺവീനറും പരിഷത്ത് മുൻജനറൽ സെക്രട്ടറിയുമായ ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി. ജില്ലാവിദ്യാഭ്യാസ സമിതിചെയർമാൻ ഡോ.അജിത്ത് പിള്ള മോഡറേറ്ററായി. എല്ലാവരെയും സ്കൂളിലെത്തിക്കാനും വിദ്യാഭ്യാസം ചെയ്യിപ്പിക്കാനും നിലപാടെടുക്കുന്ന കേരളത്തിൽ പാർശ്വവൽകരിക്കപ്പെടുന്ന വിഭാഗങ്ങളെ പുറന്തള്ളാൻ ഇടയാക്കുന്ന ഈ തീരുമാനം ശരിയല്ല. സി.ബി.എസ്.സി, ഐ.സി.എസ്.ഇ സിലബസുകളിൽ തുടരുന്ന അശാസ്ത്രീയ മൂല്യനിർണയ രീതികളും പഠനരീതികളും പുന:പരിശോധിക്കണം.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരിഷത്തിന്റെ നേതൃത്വത്തിൽ ജനകീയ ക്യാമ്പയിൻ നടത്താനും സെമിനാർ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി കെ.രമേശ് ചന്ദ്രൻ, വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ വിജയമോഹനൻ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ബിന്ദു സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സ്റ്റാലിൻ, ജില്ലാപ്രസിഡന്റ് പി.ബാലചന്ദ്രൻ, വൈസ് പ്രസിഡൻറ് പി.കെ.പ്രസന്നൻ,മേഖലാസെക്രട്ടറി സി.ആശ, സ്വാഗതസംഘം കൺവീനർ വി.അനിൽ എന്നിവർ സംസാരിച്ചു. രജനി ഗോപാൽ, സിന്ധു പി.എ, ടിന്റുമോൾ, ഈപ്പൻമാത്യു, സാബിറാ ബീവി, വി.കുട്ടപ്പൻ എന്നിവർ നേതൃത്വം നൽകി.