തിരുവല്ല : കോവിഡ് വ്യാപനം ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രി ചലച്ചിത്ര അവാർഡുകൾ കൈകൊണ്ട് എടുത്തു കൊടുക്കാതിരുന്നതെന്ന മന്ത്രി എ കെ ബാലന്റെ പ്രസ്താവന വിചിത്രവും ബാലിശവുമാണെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി.
മുഖ്യമന്ത്രി അടക്കമുള്ളവർ കൂടിനിൽക്കുന്ന വേദിയിലെത്തി തൊട്ടടുത്തുള്ള മേശയിൽ നിന്ന് അവാർഡ് എടുക്കുന്നതും അവാർഡ് എടുത്തു കൊടുക്കുന്നതിനുമിടയിൽ എന്ത് പ്രതിരോധ വ്യത്യാസമാണുള്ളതെന്ന് വ്യക്തമാക്കണം. ഒരു ബഹുമതി നൽകുന്നതിലെ മാന്യതയും ആദരവും ആണ് ഇവിടെ നഷ്ടമായത്. ഫ്യുഡൽ വ്യവസ്ഥിതിയിലെ സർവ്വാധികാര പ്രയോഗത്തിന്റെ ധാർഷ്ട്യവും അഹന്തയുമാണ് ഇവിടെ നിഴലിക്കുന്നത്.
കേന്ദ്ര ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ കുറച്ചുപേർക്ക് അവാർഡ് ദാനം നിർവഹിച്ചശേഷം ആ ചുമതല രാഷ്ട്രപതി കേന്ദ്രമന്ത്രിയെ ഏൽപ്പിച്ചപ്പോൾ ചിലർ അവാർഡ് നിരസിച്ചതും വലിയ പ്രതിഷേധം ഉയർന്നതും അവിടെയും അവാർഡിന്റെ മഹത്വവും ബഹുമതിയും നഷ്ടമായതുകൊണ്ട് തന്നെയാണ്. അന്ന് അതിനെ അപലപിച്ചുകൊണ്ട് മന്ത്രി എ കെ ബാലൻ പറഞ്ഞ വാക്കുകൾ ഇന്ന് അദ്ദേഹം സൗകര്യപൂർവ്വം വിസ്മരിക്കുന്നതിലെ ഇരട്ടത്താപ്പ് ഏവരെയും അത്ഭുതപ്പെടുത്തിയി രിക്കുന്നു.
ശബരിമല വിഷയം ഉന്നയിക്കുമ്പോൾ ഇടതുമുന്നണി നേതാക്കൾക്ക് സ്ഥലകാല വിഭ്രാന്തി ഉണ്ടാകുന്നുവെന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. മനുഷ്യചങ്ങല വരെ തീർത്തു വീറോടെ ചെയ്ത പ്രതിജ്ഞയിൽ ഉറച്ചുനിൽക്കുന്നുവോ എന്ന് വ്യക്തമാക്കാൻ ധൈര്യപ്പെടാത്തത് എന്താണ്? അത് തെറ്റായി പോയെങ്കിൽ ആ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയാൻ മടിക്കുന്നത്എന്ത്? ഈ ആശയക്കുഴപ്പവും വിശ്വാസികളുടെ എതിർപ്പുമാണ് ശബരിമല എന്ന ഉരിയാടുമ്പോൾതന്നെ ഇടതു നേതാക്കളെ വിറളി പിടിപ്പിക്കുന്നതെന്നും പുതുശ്ശേരി പറഞ്ഞു.