തിരുവനന്തപുരം: കനത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം വേനല്‍മഴയില്‍ സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനത്തിന്റെ കുറവ്. വടക്കന്‍ ജില്ലകളിലാണ് മഴക്കുറവ് ഏറെയും കൂടുതല്‍ അനുഭവപ്പെട്ടത്. മാര്‍ച്ച് ഒന്നിന് തുടങ്ങിയ വേനല്‍ക്കാലം, ഒന്നരമാസം പിന്നിടുമ്പോള്‍ കേരളത്തിന് 38 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. വേനല്‍ക്കാലത്ത് തീരെ മഴ കിട്ടാതിരുന്നത് കണ്ണൂരിലാണ്. 100 ശതമാനം മഴ കുറവാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയത്.
മലപ്പുറത്ത് 95 ശതമാനം മഴ കുറവും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 94 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയത്. തൃശ്ശൂരില്‍ 82 ശതമാനം മഴ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയേക്കാള്‍ കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ടയില്‍ മാത്രമാണ്. 27 ശതമാനം അധികം മഴയാണ് പത്തനംതിട്ടയില്‍ കിട്ടിയത്. ഇടുക്കി, കോട്ടയം, വയനാട് ജില്ലകളില്‍ സാധാരണ മഴ കിട്ടി. ഏപ്രില്‍ ആറ് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ 60 ശതമാനം മഴക്കുറവാണ് കേരളത്തിലുണ്ടായത്.