തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലുള്ള ക്ഷേത്രങ്ങളുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കാനും ജംഗമ സ്വത്തുക്കള്‍ പണയപ്പെടുത്താനും വിറ്റുതുലയ്ക്കാനുമുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി , ദേവസ്വം വകുപ്പ് മന്ത്രി , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നിവര്‍ക്ക് തന്ത്രി മണ്ഡലം നിവേദനം അയച്ചു.
ക്ഷേത്രവും ക്ഷേത്ര സ്വത്തുകളും ദേവന്റെ ഉടമസ്ഥതയിലുള്ളതാണെന്നും മെെനറായ ദേവന്റെ സ്വത്തുകള്‍ നോക്കി സംരക്ഷിയ്ക്കുന്നതിനുള്ള ഉത്തരവാദിത്വം മാത്രമാണ് ബോര്‍ഡില്‍ നിക്ഷിപ്തമായിട്ടുള്ളതെന്നും ഭരണാധികാരികള്‍ മനസ്സിലാക്കണം. അന്യാധീനപ്പെട്ട വസ്തുക്കളില്‍ ഒരിഞ്ചുപോലും തിരികെ പിടിക്കാന്‍ കഴിവില്ലാത്ത ദേവസ്വം ബോര്‍ഡ്, ക്ഷേത്രങ്ങളുടെ കെെവശമുള്ള ഭൂമി കൂടി പാട്ടത്തിന് നല്‍കാനും ജംഗമ സ്വത്തുക്കള്‍ പണയപ്പെടുത്താനും വിറ്റുതുലയ്ക്കാനും തീരുമാനിച്ചാല്‍ അതിനെ നിയമപരമായി നേരിടുന്നതിനും വേണ്ടിവന്നാല്‍ ഭക്തജനങ്ങളുടെ സഹകരണത്തോടുകൂടി ക്ഷേത്രവിമോചന സമരം നടത്തുന്നതിനും അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് പ്രൊഫ.വി.ആര്‍.നമ്പൂതിരി, വെെസ് പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി , ജോയിന്റ് സെക്രട്ടറി കെ.പി.വിഷ്ണു നമ്പൂതിരി, ട്രഷറര്‍ എസ് . ഗണപതി പോറ്റി എന്നിവര്‍ പങ്കെടുത്തു.