ചെന്നൈ : തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ വരുന്ന നാഗർകോവിൽ റെയിൽവേ സ്‌റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകൾ കൂടി നിർമിക്കും. നാലാമത്തെയും അഞ്ചാമത്തെയും പ്ലാറ്റ് ഫോമുകളാണ് നിർമിക്കുക. പുതിയ പിറ്റ് ലൈൻ, സ്‌റ്റേബിളിങ് ലൈൻ എന്നിവയും നിർമിക്കും. ഇതിലൂടെ നാഗർകോവിലിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾ ഓടിക്കാൻ കഴിയും. കന്യാകുമാരിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം പാതയുടെ നിർമാണം നടന്നുവരുകയാണ്. ഇതിനായി 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കന്യാകുമാരിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള മൂന്നാം പാതയുടെ സർവേക്കായി റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ കൂടുതൽ സൗകര്യങ്ങളില്ലാത്തതിനാൽ മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന പല തീവണ്ടികളും നാഗർകോവിലിലേക്ക് നീട്ടിയിരുന്നു. നാഗർകോവിലിൽ കൂടുതൽ പ്ലാറ്റ്ഫോമുകൾ വരുന്നതോടെ കേരളത്തിലെ തീവണ്ടികൾ പലതും ഭാവിയിൽ നാഗർകോവിലിലേക്ക് നീട്ടാൻ സാധ്യതയുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചു. നാഗർകോവിൽ സ്‌റ്റേഷനോടനുബന്ധിച്ചുള്ള റെയിൽവേ യാർഡ് ഇതിനകം കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നവീകരിച്ചിരുന്നു. നിലവിൽ നാഗർകോവിലിൽനിന്ന് ചെന്നൈയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കുമാണ് കൂടുതൽ തീവണ്ടി സർവീസുകൾ നടത്തുന്നത്.































