തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മൂന്ന് സീറ്റുകളില്‍ വിജയിച്ചു. ബിജെപി ഒരു സീറ്റ് നേടി. സ്വകാര്യ കോളേജ് അധ്യാപക സീറ്റുകളും ഗവ.കോളേജ് അധ്യാപക സീറ്റിലുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ജനറല്‍ സീറ്റിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി വിനോദാണ് വിജയിച്ചത്. വോട്ടെണ്ണലിന്റെ പേരില്‍ സര്‍വകലാശാലയില്‍ ഇടത് അംഗങ്ങളും വിസിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. 15 വോട്ടുകള്‍ എണ്ണരുതെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ തീര്‍പ്പ് വന്നശേഷം മതി വോട്ടെണ്ണല്‍ എന്ന് വി.സി. നിലപാടെടുത്തതോടെയാണ് തര്‍ക്കം തുടങ്ങിയത്.
എന്നാല്‍ ഹൈക്കോടതിയുടെ അനുമതിയോടെയാണ് പിന്നീട് വോട്ട് എണ്ണാന്‍ തീരുമാനിച്ചത്. 97 വോട്ടുകളാണ് എണ്ണാനുണ്ടായിരുന്നത്. ഇതില്‍ 15 വോട്ടുകൾ എണ്ണുന്നതിന് വിലക്കുള്ളത്. 82 വോട്ടുകള്‍ മാത്രം എണ്ണിയാല്‍ ഫലം കൃത്യമല്ലാതാകുമെന്ന് വി.സി. നിലപാടെടുത്തിരുന്നു. തീര്‍പ്പാകാനുള്ള 15 വോട്ടുകളുടെ കാര്യത്തില്‍ വിധി വരുമ്പോള്‍ ആകെ ഫലത്തെ ബാധിക്കും. അതിനാല്‍ മുഴുവന്‍ വോട്ടും എണ്ണിയാല്‍ മാത്രമേ ഫലപ്രഖ്യാപനം നടത്താവൂ എന്നാണ് വി.സി. ആവശ്യപ്പെട്ടത്. എന്നാല്‍ ഇടത് അംഗങ്ങള്‍ അതിന് സമ്മതിച്ചില്ല.