തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് സൂചന. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ പരാജയപ്പെട്ട 45 വിദ്യാർഥികൾ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിൽ വിജയിച്ചു. പുനർമൂല്യനിർണയത്തിൽ വിജയികളായ എല്ലാ വിദ്യാർഥികളുടെയും മാർക്ക് വിവരങ്ങൾ ഹാജരാക്കാൻ വൈസ് ചാൻസലർ ആവശ്യപ്പെട്ടപ്പോഴാണ് വ്യാപകമായ മാർക്ക് വ്യത്യാസം കണ്ടെത്തിയത്. മൂല്യനിർണയം നടത്തിയ അധ്യാപകർക്കെതിരേ നടപടിയാവശ്യപ്പെട്ട് വിദ്യാർഥിസംഘടനകൾ സമരം നടത്തിയതിനുപിന്നാലെയാണ് വി.സി.യുടെ ഇടപെടലുണ്ടായത്.
പുനർമൂല്യനിർണയം നടത്തിയ എല്ലാ ഉത്തരക്കടലാസുകളും അടിയന്തരമായി സീൽ ചെയ്ത് പരീക്ഷാ കൺട്രോളറുടെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ വി.സി. നിർദേശം നൽകിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിൽ ലഭിച്ച മാർക്കുകൾ വിദഗ്ധ സമിതിയെക്കൊണ്ട് വീണ്ടും പരിശോധിപ്പിച്ചേക്കുമെന്നറിയുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ചവരുത്തിയ അധ്യാപകർക്കെതിരേ നടപടികൾ സ്വീകരിക്കുകയും ചെയ്യും. വിവിധ സെമസ്റ്ററുകളിലായി പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച 292 വിദ്യാർഥികളിൽ 231 പേർക്കും ഉയർന്ന മാർക്ക് ലഭിച്ചു എന്ന റിപ്പോർട്ടാണ് പരീക്ഷാ കൺട്രോളർ വി.സി.ക്കു കൈമാറിയത്.
ഇതിൽ അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ പുനർ മൂല്യനിർണയത്തിനായി അപേക്ഷിച്ച 44 വിദ്യാർഥികൾക്കും മാർക്കിൽ വ്യത്യാസമുണ്ട്. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച നൂറുശതമാനം വിദ്യാർഥികളുടെയും മാർക്കിൽ മാറ്റമുണ്ടായത് ആദ്യ മൂല്യനിർണയത്തിലെ ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തുന്നത്. പുനർമൂല്യനിർണയത്തിൽ 10 മുതൽ 50 ശതമാനംവരെ മാർക്കിന്റെ വ്യത്യാസമാണ് വന്നിട്ടുള്ളത്. സർവകലാശാലാ ചട്ടപ്രകാരം 20 ശതമാനത്തിലധികം മാർക്ക് വ്യത്യാസം വന്നാൽ ആദ്യ മൂല്യനിർണയം നടത്തിയ അധ്യാപകർക്കെതിരേ നടപടിയെടുക്കണം.
എൽഎൽ.ബി. പരീക്ഷാ നടത്തിപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി ചോദ്യക്കടലാസ് വിതരണവും മൂല്യനിർണയവും പൂർണമായും ഓൺലൈനാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പി.ജി., എം.ബി.ബി.എസ്. പരീക്ഷകൾക്ക് സമാനമായി എൽഎൽ.ബി.ക്കും ഇരട്ടമൂല്യനിർണയം നടപ്പാക്കാനും വിദ്യാർഥികൾക്ക് ഉത്തരക്കടലാസ് പരിശോധിക്കാൻ അവസരം നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.

































