Thursday, May 15, 2025 12:37 pm

കേരളത്തെ ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റും : മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹെല്‍ത്ത് കെയര്‍ മേഖലയിലെ ആഗോള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ആരോഗ്യപരിചരണം, ഹെല്‍ത്ത് ടൂറിസം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട സേവനം നല്‍കിക്കൊണ്ട് കേരളത്തെ ഒരു ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റിയെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു സഹായകമായ കെയര്‍ പോളിസി രൂപീകരിക്കാനും നടപ്പിലാക്കാനും അതിനായി സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോന്നി ഗവ മെഡിക്കല്‍ കോളജിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ കാമ്പസിലൂടെ കണ്ണോടിച്ചാല്‍ തന്നെ അത് വ്യക്തമാകും. കോന്നി മെഡിക്കല്‍ കോളജ് പത്തനംതിട്ട ജില്ലയുടെ വികസനത്തിന് വലിയ തോതില്‍ ഉപകരിക്കും. ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുതകുന്ന ഒരു ചുവടുവയ്പ്പാണ് കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക് ബ്ലോക്കും അതിലെ സൗകര്യങ്ങളും. 40 കോടി രൂപയാണ് 1,65,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ അക്കാദമിക് ബ്ലോക്കിനായി ചെലവഴിച്ചത്. ഇതിന്റെ ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച ആശുപത്രി ബ്ലോക്ക് 2020 ല്‍ നാടിനു സമര്‍പ്പിച്ചിരുന്നു. ഇന്നിപ്പോള്‍ 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാകുന്ന ഒരു മെഡിക്കല്‍ കോളജായി ഇത് വളര്‍ന്നു. ഈ മെഡിക്കല്‍ കോളേജിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 352 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള 200 കിടക്കകളുളള രണ്ടാമത്തെ ബ്‌ളോക്കിന്റെ നിര്‍മാണം ആരംഭിച്ചു. ആശുപത്രിയുടെയും കോളജിന്റെയും അനുബന്ധമായി നിര്‍മിക്കേണ്ട മറ്റ് അത്യാവശ്യ അടിസ്ഥാനസൗകര്യങ്ങളായ അഡ്മിന്‌സ്‌ട്രേറ്റീവ് ബ്ലോക്ക്, 450 ഓളം കുട്ടികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവ ഒരുങ്ങുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവിലെ മൂന്നാമത്തെ നൂറുദിന കര്‍മ്മപരിപാടിയാണ് ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയായി നടന്നുവരുന്നത്. ആകെ 1,284 പദ്ധതികളിലായി 15,896 കോടി രൂപയാണ് വിനിയോഗിക്കുന്നത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് അക്കാദമിക് ബ്ലോക്ക് നാടിനു സമര്‍പ്പിച്ചത്.
ആരോഗ്യരംഗത്തെ മുന്നേറ്റങ്ങളുടെ കാര്യത്തില്‍ ലോകം ശ്രദ്ധിക്കുന്ന ഒരിടമാണ് കേരളം.

പൊതുജനാരോഗ്യ സേവനങ്ങള്‍ സാര്‍വത്രികമായി ലഭ്യമാക്കുന്ന കാര്യത്തില്‍ നമ്മള്‍ ലോകത്തിനു തന്നെ മാതൃകയാണ്. കുറഞ്ഞ ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും ആയുര്‍ദൈര്‍ഘ്യത്തിലുമെല്ലാം നമ്മുടെ നേട്ടങ്ങള്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്. നിവാരണം ചെയ്യേണ്ടവ എന്ന് നമ്മുടെ രാജ്യം നിശ്ചയിച്ചിട്ടുള്ള രോഗങ്ങളെ നിവാരണം ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ നമ്മള്‍ ഒന്നാം സ്ഥാനത്താണ്.

മാരകമായ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവയെ കാര്യക്ഷമമായി തടഞ്ഞുനിര്‍ത്താന്‍ നമുക്കു കഴിഞ്ഞത് നമ്മുടെ ആരോഗ്യരംഗത്തിന്റെ ജനകീയസ്വഭാവവും സാര്‍വത്രികതയും കൊണ്ടാണ്. ഈ നേട്ടങ്ങളുടെയൊക്കെ മധ്യത്തിലും ആരോഗ്യമേഖലയില്‍ നാം ഗൗരവത്തോടെ സമീപിക്കേണ്ട പല വിഷയങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് സാംക്രമിക രോഗങ്ങളുടെ തിരിച്ചുവരവ്, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവും കാരണമുണ്ടാകുന്ന രോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവ. ഇവയെയെല്ലാം ഫലപ്രദമായി നേരിട്ടാല്‍ മാത്രമേ ആരോഗ്യമേഖലയില്‍ നാം കൈവരിച്ച നേട്ടങ്ങളെ സംരക്ഷിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെടുന്നതിനും നമുക്കു കഴിയുകയുള്ളൂ. ഇത് ലക്ഷ്യംവച്ചാണ് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷന്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്നത്. അതിലൂടെ ഇതിനോടകം 630 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുണ്ട്. ആകെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് ഇങ്ങനെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കുകയും അവയ്ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും താലൂക്ക് – ജില്ലാ ആശുപത്രികളില്‍ വരെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയാണ്.

തന്നെ ജനങ്ങളുടെ ആരോഗ്യം യഥാക്രമം പരിശോധിച്ച് രോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കാനും അവ വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നടത്താനും സഹായിക്കുന്ന പ്രത്യേക വാര്‍ഷിക പരിശോധനാ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. ശൈലി എന്ന മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ 30 വയസിനു മുകളിലുള്ള എല്ലാ വ്യക്തികളെയും വര്‍ഷത്തിലൊരിക്കലെങ്കിലും സ്‌ക്രീന്‍ ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. അങ്ങനെ രക്തസമ്മര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയും. ജീവിതശൈലീ രോഗങ്ങളുടെ പ്രത്യേക രജിസ്ട്രി തയാറാക്കുകയും ചെയ്യും. ഇക്കഴിഞ്ഞ മാസം വരെ 70 ലക്ഷം ആളുകളാണ് സ്‌ക്രീനിംഗിന് വിധേയരായിട്ടുള്ളത്.

കാന്‍സര്‍ രോഗത്തെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് കേരളാ കാന്‍സര്‍ കണ്‍ട്രോള്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നത്. ഇതുവഴി വാര്‍ഷിക പരിശോധനയ്ക്ക് വിധേയരാകുന്ന 30 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ കാന്‍സര്‍ സാധ്യതയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇവര്‍ക്ക് കുടുംബാരോഗ്യകേന്ദ്രം പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെസ്റ്റുകള്‍ നടത്തുന്നതടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ കേരളത്തിലെ ആശുപത്രികളെ ബന്ധിപ്പിച്ച് കാന്‍സര്‍ ഗ്രിഡ് സംവിധാനം ഒരുക്കാനുള്ള രൂപരേഖ തയാറാക്കിയിട്ടുണ്ട്.
അതോടൊപ്പം ഇ-ഹെല്‍ത്ത് മുഖേന ഒരു കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ഹബ് ആന്‍ഡ് സ്‌പോക്ക് മാതൃകയില്‍ ബന്ധപ്പെടുത്തുന്നതുവഴി ഗുണനിലവാരവും ആധുനിക പരിശോധനാ സംവിധാനങ്ങളും ഉറപ്പാക്കുകയാണ്. ലാബ് ശൃംഖലകള്‍ വഴി കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് പരിശോധനകള്‍ നടത്താം. നിലവില്‍ എറണാകുളം, മലപ്പുറം ജില്ലകളില്‍ ഇത് ആരംഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും വൈകാതെ തന്നെ ഈ സംവിധാനം ലഭ്യമാകും.

നിലവിലെ സാന്ത്വന പരിചരണ സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഈ രംഗത്ത് ഏകീകൃത സംവിധാനം കൊണ്ടുവരികയാണ്. കിടപ്പുരോഗികളുടെയും ദീര്‍ഘകാലമായി രോഗമുള്ള വയോജനങ്ങളുടെയും രജിസ്ട്രി തയാറാക്കി സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കും. ഇതിനായി പുതുക്കിയ പാലിയേറ്റീവ് നയരേഖയ്ക്കനുസരിച്ച് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അരികെ എന്ന പേരില്‍ സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കിവരികയാണ്. എല്ലാ മെഡിക്കല്‍ കോളജുകളിലും പാലിയേറ്റീവ് കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കും. കോന്നിയിലും ഇത്തരം സൗകര്യങ്ങള്‍ ഒരുങ്ങുകയാണ്.

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിനാശവും ഇന്ന് പല ജന്തുജന്യ രോഗങ്ങള്‍ക്കും കാരണമാകുന്നതായി നമുക്കറിയാം. ഇവ കൃത്യമായി നിരീക്ഷിച്ച് ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധം തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുത്ത നാലു ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇതിനായുള്ള പദ്ധതി നടപ്പാക്കിയത്. ലോകാരോഗ്യ സംഘടനയില്‍ അവതരിപ്പിക്കപ്പെട്ട പഠനങ്ങളില്‍ നിന്നുള്ള നൂതനാശയങ്ങളും മാതൃകകളും പരിശോധിച്ച് പദ്ധതിക്ക് അന്തിമ പ്രവര്‍ത്തനരേഖ തയാറാക്കും. വിവിധ രോഗങ്ങളെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

സാംക്രമിക രോഗനിയന്ത്രണത്തിനുള്ള ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി 140 നിയോജക മണ്ഡലങ്ങളിലും കുറഞ്ഞത് 10 കിടക്കകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകളും തയാറാക്കും. 10 നിയോജക മണ്ഡലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 73 നിയോജക മണ്ഡലങ്ങളില്‍ അവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ മുന്‍കാലങ്ങളില്‍ ആര്‍ജിച്ച നേട്ടങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും വരുംകാലത്തിന്റെ ആരോഗ്യ ആവശ്യങ്ങളെ നേരിടാനും കഴിയുന്ന ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം ആരോഗ്യമേഖലയ്ക്കു വേണ്ടി 2,228 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 196 കോടി രൂപ അധികമാണ്. 2016 ല്‍ 665 കോടിയായിരുന്നു ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം എന്നോര്‍ക്കണം. അതായത് എഴുവര്‍ഷം കൊണ്ട് നാലിരട്ടിയിലധികം വര്‍ധന. ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ കൂടിയുണ്ടാകുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്ക്കുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് രണ്ടരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സാംക്രമികേതര രോഗപദ്ധതിയുടെ പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനും പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നതിനുമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇ-ഹെല്‍ത്ത് പ്രോഗ്രാമിനായി 30 കോടി രൂപയും കാരുണ്യ സുരക്ഷാ പദ്ധതിക്കായി 575 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെ സമഗ്രമായി കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അത്തരമൊരു മുന്നേറ്റത്തിന് ഏറെ അനിവാര്യമാണ് ആരോഗ്യമുള്ള ജനത. പണമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ആരോഗ്യ പരിരക്ഷയ്ക്കുള്ള അവകാശമുണ്ട് എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കണക്കാക്കുന്നത്. പണമില്ലാത്തതിന്റെ പേരില്‍ കേരളത്തിലൊരാള്‍ക്കുപോലും ആരോഗ്യ പരിരക്ഷ ലഭിക്കാതെയിരിക്കില്ല. അതിനായി ആരോഗ്യ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളും എല്ലാ പൗരന്മാര്‍ക്കും തുല്യമായി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ആശുപത്രി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം ഇന്‍ഷുറന്‍സ് സേവനങ്ങളും ലഭ്യമാക്കിവരികയാണ്. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാരുണ്യ സമഗ്ര ഇന്‍ഷുന്‍സ് പദ്ധതി പ്രകാരം ആരോഗ്യസുരക്ഷ ലഭ്യമാകുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,630 കോടി രൂപയാണ് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത്. ആറര ലക്ഷത്തോളം ആളുകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷംമാത്രം ഇതിലൂടെ സഹായം ലഭ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനന്‍, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മുന്‍ എംഎല്‍എ രാജു എബ്രഹാം, കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, എന്‍സിപി ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരില്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരില്‍, ഡി.എംഒ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, എന്‍എച്ച്എം ഡിപിഎം എസ്. ശ്രീകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.എ. ഷാജി, പിടിഎ പ്രസിഡന്റ് ജനിത വിനോദ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്...

0
തിരുവനന്തപുരം : യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍...

നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്

0
തിരുവല്ല : ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞു...

ഫുട്‌ബോൾ കളിക്കിടെ തർക്കം ; പരിഹരിക്കുന്നതിനിടെ 17കാരന് ക്രൂരമർദനം

0
പാലക്കാട്: ഫുട്‌ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17കാരന് തലയ്‌ക്ക് ഗുരുതര പരിക്ക്....

കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

0
തിരുവനന്തപുരം : കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടിയെന്ന്...