പത്തനംതിട്ട : കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ യുവജനങ്ങൾക്ക് യാതൊരുവിധ പരിഗണനയും നൽകാത്ത നടപടി പുനപരിശോധിക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എൻ ബാബു വർഗീസ് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുവജനങ്ങളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തൊഴിവുള്ള തസ്തികകളിൽ എൽഡിഎഫ് സർക്കാർ പിൻവാതിലിലൂടെ സ്വന്തക്കാരെ തിരുകിക്കയറ്റുന്നത് മൂലം ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾ നിരാശയിലാണെന്നും ഇവർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ ബസ് ചാർജ് വർദ്ധിപ്പിച്ചതും ഇലക്ട്രിസിറ്റി ചാർജ് കുത്തനെ വർധിപ്പിച്ചതും പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
കേരള യൂത്ത് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് , ആറന്മുള നിയോജക മണ്ഡലം പ്രസിഡണ്ട് ദീപു ഉമ്മൻ, കുഞ്ഞുമോൻ കെങ്കിരേത്ത് എന്നിവർ പ്രസംഗിച്ചു. ജോമോൻ ജേക്കബ്, അനീഷ് വി ചെറിയാൻ, സജി കൂടാരത്തിൽ, ജെൻസി കടുവാങ്കൽ , ഫിജി ഫിലിപ്സ്, ഡോ. റിജു ചാക്കോ, സുനിൽ വി മാത്യു, ബെനിൻ ജോർജ്, സോബിൻ തോമസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.