മലപ്പുറം: കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കുക വിഷമകരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളാ കോണ്‍ഗ്രസ് രണ്ടായെന്നും ഇനി യോജിപ്പ് എളുപ്പമല്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
മുന്നണി തീരുമാനം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയത്. ജോസ് കെ. മാണിയുടെ പ്രതികരണം അനുസരിച്ചാണ് തുടര്‍ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുക. യു.ഡി.എഫ് യോഗത്തിലെ തീരുമാനം അനുസരിച്ച് മാത്രമാണ് ഇനി അനുരഞ്ജന നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ ദീര്‍ഘകാലത്തെ വ്യക്തിപരമായ ബന്ധമുണ്ട്. യു.ഡി.എഫിന്‍റെ പരമ്പരാഗത വോട്ടുകള്‍ ഏകോപിപ്പിക്കും. ഇതിനായി മണ്ഡലങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. യു.ഡി.എഫിന് പുറത്ത് ഒരു രാഷ്ട്രീയ സഖ്യവുമില്ല. പ്രാദേശിക സഖ്യങ്ങളെക്കുറിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തമാകും.
ലോക്‌സഭാ എം.പിയായി തുടരും. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി നന്നായി പൂര്‍ത്തിയാക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകും. താന്‍ നിയമസഭയിലേയ്ക്ക് മല്‍സരിക്കുമോ എന്നത് ഇപ്പോള്‍ ചര്‍ച്ചയായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.