കോന്നി : സാമൂഹ്യ ക്ഷേമ പെൻഷൻ 1600 ൽ നിന്ന് ഇനിയും ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോന്നിയിൽ പറഞ്ഞു. സി പി ഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളായ മുണ്ടക്കൈ, ചൂരൽ മല ദുരന്തങ്ങളിൽ കേരളത്തിന് ലഭിക്കേണ്ട ധന സഹായം കേന്ദ്രം നൽകിയില്ല. പല തവണ സംസ്ഥാന സർക്കാർ ഇത് ആവശ്യപെട്ടിരുന്നു. മാത്രമല്ല പല ലോക രാജ്യങ്ങളും കേരളത്തിനെ സഹായിക്കാൻ ഒരുങ്ങിയപ്പോൾ അത് ആവശ്യമില്ല എന്നാണ് കേന്ദ്രം പറഞ്ഞത്. രാജ്യം പ്രത്യേക ദശാ സന്ധിയിൽ കൂടി ആണ് കടന്നു പോകുന്നത്. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ പലതും വെല്ലുവിളിക്കപ്പെടുന്നു. രാജ്യത്തെ സംരക്ഷിക്കേണ്ടവർ തന്നെ രാജ്യത്തെ ഇല്ലാതെ ആക്കാൻ ശ്രമിക്കുന്നു അനേകം ഭാഷകളും വിവിധ സംസ്കാരങ്ങളും മതങ്ങളും നമ്മുടെ രാജ്യത്ത് നില നിൽക്കുന്നുണ്ട്. അതിനെയെല്ലാം ഒന്നിച്ചു കൊണ്ട് പോകുന്നതാണ് ദേശീയ പ്രസ്ഥാനത്തിന്റെ പ്രത്യേകത.
ദേശീയ പ്രസ്ഥാനത്തിന്റെ നെടുംതൂണുകൾ ആയി കമ്യൂണിസ്റ്റ്കാർ പ്രവർത്തിച്ചു അന്ന് ഈ പ്രസ്ഥാനത്തിൽ ഒരു പങ്കും വഹിക്കാത്തവർ ആണ് ആർ എസ് എസ് കാർ. നമ്മുടെ രാജ്യത്തെ മതാധിഷ്ഠിതമാക്കാൻ ആണ് ആർ എസ് എസ് ശ്രമിക്കുന്നത്. മത നിരപേക്ഷതക്ക് എതിരായ നിലപാടാണ് ആർ എസ് എസ് സ്വീകരിക്കുന്നത്. ഇത് കേന്ദ്ര നിലപാടായി മാറുന്നു. നമ്മുടെ ഭരണഘടനയെ പോലും കേന്ദ്രം തള്ളി കളഞ്ഞു. മനുസ്മൃതിയെ അംഗീകരിക്കാത്തത് ആണ് കാരണം. കേന്ദ്ര സർക്കാർ മത നിരപേക്ഷതയെ പോറൽ ഏൽപ്പിക്കുന്നു. ന്യൂനപക്ഷ വേട്ടയാടൽ തുടരുന്നു. അനേകം കൊലപാതകങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു. രാജ്യത്ത് ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാവുകയാണ്.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. സംഘപരിവാറിന് മറ്റ് മതങ്ങളോട് അസഹിഷ്ണുതയാണ് ഉള്ളത്. തൊഴിൽ നിഷേധമാണ് പലയിടത്തും നടക്കുന്നത്. വർഗീയതക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ കോണ്ഗ്രസിനും കഴിയുന്നില്ല. വർഗീയതയെ മത നിരപേക്ഷത കൊണ്ട് മാത്രമേ നേരിടാൻ കഴിയു എന്നും അദ്ദേഹം കൂട്ടി ചേർത്തു. സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അധ്യക്ഷത വഹിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ്ജ്, അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കെ പത്മകുമാർ, പി ജെ അജയകുമാർ, കോമളം അനിരുധൻ, ഓമല്ലൂർ ശങ്കരൻ, ആർ സനൽ കുമാർ, ശ്യാം ലാൽ, കെ അനന്തഗോപൻ, ലസിത, കെ പത്മകുമാർ, റ്റി ഡി ബൈജു തുടങ്ങിയവർ പങ്കെടുത്തു.