ദില്ലി: കൊവിഡ്19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളവുമായുള്ള അതിര്‍ത്തി മണ്ണിട്ടടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആംബുലന്‍സുകള്‍ ഉള്‍പ്പടെ അത്യാവശ്യ വാഹനങ്ങള്‍ പോലും അതിര്‍ത്തി കടന്നുപോകാന്‍ കര്‍ണാടക അനുവദിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
നേരത്തെ രോഗികള്‍ക്കായി കാസര്‍കോട് – മംഗളൂരു ദേശീയപാത തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിര്‍ത്തി തുറക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കര്‍ണാടകയുടെ നീക്കം. അതിര്‍ത്തി ജില്ലയായ കാസര്‍ക്കോട് കൊവിഡ് പടര്‍ന്നുപിടിക്കുന്ന തീവ്രബാധിത പ്രദേശങ്ങളില്‍ ഒന്നാണ്.
ഗതാഗതം പുനസ്ഥാപിച്ചാല്‍ കര്‍ണാടക അതിര്‍ത്തിയിലുള്ളവര്‍ക്ക് അത് ഭിഷണിയാണ്. അതിനാല്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് കര്‍ണാടകം ആവശ്യപ്പെടുന്നത്. കേസില്‍ തിരുമാനം എടുക്കും മുമ്പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് കേരളം തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസ് ഇന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ കോടതി പരിഗണിക്കും.