കൊല്ലം: ക്യാമ്പിലേയ്ക്ക് തിരികെ മടങ്ങും വഴി കാണാതായ ഉദ്യോഗസ്ഥനെ റെയില്‍വേയിലെ കേരള പോലീസ് കണ്ടെത്തി. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍മി ക്യാമ്പായ ബത്തിന്‍ഡയിലേക്ക് പോകുംവഴി കാണാതെ പോയ ആര്‍മിയിലെ നായിക്കിനെ സാഹസികമായാണ് തെരഞ്ഞുപിടിച്ചത്. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ എസ്.എച്ച്.ഒ എസ്.ഐ ഉമറുല്‍ ഫാറൂഖ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് കൂടിയായ സി.പി.ഒ രാജു എന്നിവരാണ് നാലായിരത്തിനടുത്ത് കിലോമീറ്റര്‍ യാത്ര ചെയ്ത് ഉദ്യോഗസ്ഥനെ കണ്ടെത്തി ആര്‍മിക്ക് കൈമാറിയത്.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ശേഷമാണ് ഉദ്യോഗസ്ഥനെക്കുറിച്ച് വിവരം ലഭിക്കാതായത്. മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ആയി. റെയില്‍വേയിലെ കേരള പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്ന് ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചത് കണ്ടെത്തിയതാണ് പോലീസ് അന്വേഷണത്തിന് വഴിത്തിരിവായത്.
കര്‍ഷക സമരം നടക്കുന്നതിനാല്‍ ഹരിയാനയില്‍ നിന്ന് പഞ്ചാബിലെത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ വളരെയധികം ബുദ്ധിമുട്ടി. അഞ്ചോളം ഓര്‍ഡിനറി ബസുകളില്‍ മാറിക്കയറി 350 കിലോമീറ്ററോളം യാത്ര ചെയ്താണ് പഞ്ചാബിലെത്തിയത്. 45 ലോഡ്ജുകളിലെ രജിസ്റ്റര്‍ പരിശോധിച്ചു. നിരവധി ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
ആര്‍മി ഉദ്യോഗസ്ഥന് ജ്യൂസ് കുടിക്കാന്‍ വരുന്ന കട മനസ്സിലാക്കിയ എസ്.ഐ ഉമറുല്‍ ഫാറൂഖും രാജുവും കാറില്‍ ഒളിച്ചിരുന്ന് സാഹസികമായി പിടികൂടുകയായിരുന്നു. സഹകരിക്കാതെ എതിര്‍ത്തുനിന്ന ആര്‍മി ഉദ്യോഗസ്ഥനെ പഞ്ചാബ് പോലീസിന്റെ കൂടി സഹായത്തോടെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി ക്യാമ്പില്‍ എത്തിച്ചു. ലെഫ്റ്റനന്റ് കേണല്‍ ജിതേന്ദ്ര, കരുനാഗപ്പള്ളി സ്വദേശി മേജര്‍ നിതിന്‍ എന്നിവര്‍ പോലീസിന്റെ കൃത്യ നിര്‍വഹണത്തെ പ്രശംസിച്ചു.