തിരുവനന്തപുരം : മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പോലിസ് ഓഫീസറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെജിഎംഒഎ സമരപരിപാടികളിലേയ്ക്ക് . പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും.
രാവിലെ 10 മുതല്‍ 11 മണി വരെ മറ്റ് ഒപി സേവനങ്ങളും നിര്‍ത്തിവെച്ച് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചു. കൊവിഡ് ചികിത്സ, അടിയന്തിര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, അത്യാഹിത വിഭാഗം, തുടങ്ങിയവയ്ക്ക് മുടക്കമുണ്ടാകില്ല. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്നാണ് സിവില്‍ പോലിസ് ഓഫീസറായ അഭിലാഷ് ചന്ദ്രന്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. സംഭവം നടന്ന് നാല്പതു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പോലിസിന്റെ അനാസ്ഥയാണെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.