ഷാർജ : ഷാർജയിലെ ഫ്ലാറ്റിൽ കസഖിസ്ഥാൻ സ്വദേശികളായ രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അതേ രാജ്യക്കാരനായ യുവാവാണ് പിടിയിലായത്. ശാസ്ത്രീയ അന്വേഷണം, ഇന്റലിജൻസ് വിവര ശേഖരണം, ആധുനിക വിവര വിശകലന രീതികൾ എന്നിവയിലൂടെ ചുരുങ്ങിയ സമയത്തിനകമാണ് കേസിന് പോലീസ് തുമ്പുണ്ടാക്കിയത്. കൊല്ലപ്പെട്ട പെൺകുട്ടികളും പ്രതിയും തമ്മിൽ വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ഒരു റസിഡൻഷ്യൽ അപാർട്മെന്റിൽ ഗുരുതരമായ കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ച ഉടൻ തന്നെ ഷാർജ പോലീസിലെ ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്സ് അഫയേഴ്സ് ജനറൽ ഡിപാർട്ട്‌മെന്റ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
അപകടസ്ഥലം സൂക്ഷ്മമായി പരിശോധിച്ചും തെളിവുകൾ ശേഖരിച്ചുമാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രി. ഡോ. ഖലീഫ ബൽഹാജ് പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളും വിവരങ്ങളും വിശകലനം ചെയ്തതോടെ പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും സാധിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. കൃത്യമായ ഏകോപനത്തോടെയും വേഗത്തിലും കേസ് അന്വേഷിച്ച് പ്രതിയെ വലയിലാക്കിയ ക്രിമിനൽ അന്വേഷണ സംഘത്തെ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ അഭിനന്ദിച്ചു.
20, 22 വയസ്സുള്ള സഹോദരിമാരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദിവസങ്ങൾക്ക് മുൻപ് അപാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിൽ താഴെയായി യുഎഇയിൽ ജീവിക്കുന്ന ഇവർ ബ്യൂട്ടി സലൂണിൽ ജോലി ചെയ്തു വരികയായിരുന്നു.
































