മലപ്പുറം: ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്ന അശാസ്ത്രീയമായ മോഡൽ പരീക്ഷാ ടൈം ടേബിൾ പിൻവലിക്കുക, എസ്.എസ്.എൽ സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഏകീകരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ കെ.എച്ച്.എസ്.ടി.യു മലപ്പുറം ജില്ലാ കമ്മറ്റി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ തുടർ പഠന സാധ്യതകളും ഭാവിയും നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന രണ്ടു പരീക്ഷകൾ ഒരുമിച്ച് നടത്തണമെന്ന് വാശി പിടിക്കുന്നത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ ബുദ്ധിമുട്ടാണെന്നും കെ.എച്ച്.എസ്.ടി.യു പറഞ്ഞു. ജില്ലയിലെ പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ എന്നിവരുടെ സംയുക്തയോഗം നടന്ന മേൽമുറി എം.എം.ഇ ടി.ഹയർ സെക്കണ്ടറി സ്കൂൾ കവാടത്തിൽ നടന്ന ഉപവാസ സമരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പൊതു പരീക്ഷയുടെ മാതൃകയിൽ നടത്തേണ്ട മോഡൽ പരീക്ഷകൾ കൃത്യമായ ധാരണകളും മുന്നൊരുക്കങ്ങളുമില്ലാതെ ഒരേ ദിവസം അഞ്ചര മണിക്കൂർ ദൈർഘ്യത്തിൽ വ്യത്യസ്ത വിഷയങ്ങൾ രണ്ടു നേരങ്ങളിലായി എഴുതേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയോടുള്ള മനോഭാവം തന്നെ തകർക്കുന്നതിന് കാരണമാകുമെന്നും ആയതിനാൽ മേൽ തീരുമാനം ഉടൻ പുനപരിശോധിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ടി.വി.ഇബ്രാഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.എച്ച്.എസ്.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ഷൗക്കത്തലി, വിവിധ സംഘടനാ പ്രതിനിധികളായ എ.കെ.സൈനുദ്ധീൻ, എ.എം അബൂബക്കർ, പി.എം.കൃഷ്ണൻ നമ്പൂതിരി, റിയാസ് പുൽപ്പറ്റ, ഷാനവാസ്, മനോജ് കുമാർ, പി.കെ.ബാവ, വി.പി.സലീം, പി.കെ.സാദിഖ്, എന്നിവർ പ്രസംഗിച്ചു.
ഉപവാസ സമരത്തിന് സംസ്ഥാന ജില്ലാ നേതാക്കളായ നുഹ്മാൻ ശിബിലി, എ. ശബീറലി, കെ.മുഹമ്മദ് ജാസിം, കെ.കെ.അലവിക്കുട്ടി, പി.പി.ഷാജിത, എം.എ സലാം, എ.അബൂബക്കർ , സിദ്ധീഖ് മുന്നിയൂർ, സി.ഷാഹിർ, കെ.അബ്ദുൽ ഫത്താഹ്, മുഹമ്മദ് കാവാട്ട്, ഡോ.എം.പി.ഷാഹുൽ ഹമീദ്, എം.ജാഫർ, എം. ഇല്യാസ്, കെ.ബി.ലദീബ് കുമാർ, പി.വി.ഇഖ്ബാൽ, പി. ഷമീർ, കെ.ഷഹീർ, വി.പി.റഷീദ്, കെ.കെ.അശ്റഫ്, എം.അബ്ദുൽ ബഷീർ ,സി.ടി.പി.ഉണ്ണി മൊയ്തീന് മുൻ സംസ്ഥാന പ്രസിഡണ്ട് കെ.മുഹമ്മദ് ഇസ്മയിൽ സമാപന സമ്മേളനം എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.