ശബരിമല : മകരവിളക്ക് ദര്‍ശനത്തിനായെത്തുന്ന ഭക്തജനങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു അഭ്യര്‍ഥിച്ചു. വന്‍ജനാവലി എത്തുമെന്ന പ്രതീക്ഷയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. മകരവിളക്ക് സമയത്തും ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുമ്പോഴും ഭക്തജനങ്ങള്‍ നിയന്ത്രണം പാലിക്കണം. അശ്രദ്ധ അപകടത്തിനിടയാക്കും. പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ട് ചൊവ്വാഴ്ച(14 ) ഉച്ചയോടെതന്നെ ഏറെക്കുറെ നിറഞ്ഞുകഴിഞ്ഞു. പോലീസ് നിര്‍ദേശിക്കുന്ന സ്ഥലങ്ങളിലല്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. അങ്ങനെ ചെയ്താല്‍ ഗതാഗതതടസ്സവും അപകടങ്ങളും ഉണ്ടാകാനിടയാകും. ഭക്തജനങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡിന്റെ അന്നദാനം ഊര്‍ജ്ജിതമാണ്. സന്നിധാനത്തും പരിസരങ്ങളിലും യഥേഷ്ടം ഭക്ഷണശാലകളുമുണ്ട്. ദര്‍ശനത്തിനായി വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ഔഷധക്കുടിവെള്ളവും ബിസ്‌ക്കറ്റും യഥേഷ്ടം നല്‍കിവരുന്നുണ്ട്. ദര്‍ശനം സുഖമമാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മകരവിളക്ക് മഹോല്‍സവം വന്‍വിജയമാക്കാന്‍ എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്ന് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.