കോട്ടയം : കോട്ടയം കിടങ്ങൂർ കേന്ദ്രീകരിച്ച് ഫാൽക്കൺ എച്ച്ആർ മൈഗ്രേഷൻ (Falcon Hr Migration)എന്ന സ്ഥാപനം നടത്തിയത് കോടികളുടെ വിസ തട്ടിപ്പെന്നു സൂചന. 2000 ലധികം ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പരാതികളുടെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തെങ്കിലും കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ല, പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് പണം നഷ്ടപ്പെട്ടവർ ആരോപിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പണം നഷ്ടപ്പെട്ടവർ മാസ്സ് പെറ്റീഷൻ നൽകിയിട്ടുണ്ട്. കൂടാതെ കിടങ്ങൂർ പോലീസ് സ്റ്റേഷനിൽ ദിനംപ്രതി നിരവധി പരാതികളാണ് സ്ഥാപന ഉടമകളായ അഭിജിത് കുമാർ, ജിബിൻ ബെന്നി, മഹി സജീവ്, മഞ്ജു സജി, കാർത്തിക, അപർണ, ആനി കുഞ്ഞുമോൾ, മോബിൻ വരിക്കൻ എന്നിവർക്കെതിരെ വരുന്നത്.
കോട്ടയം കിടങ്ങൂർ ചേർപ്പുങ്കൽ സ്ഥിതി ചെയ്യുന്ന Falcon Hr Migration എന്ന ഏജൻസി വിദേശത്ത് ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. ഷാർജയിലാണ് ഹെഡ് ഓഫീസ് എന്നായിരുന്നു പ്രചരണം. ആറുമാസത്തിനുള്ളിൽ വിദേശത്ത് ജോലി ലഭിക്കുമെന്ന ഉറപ്പിന്മേൽ ഉദ്യോഗാർത്ഥികളെ നിർബന്ധിച്ച് നിലവിലുള്ള ജോലി രാജിവെപ്പിച്ചു. വിവിധ യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ജോലി വാഗ്ദാനങ്ങൾ. ഇവർ മുഖേന ഒരാൾക്ക് പോലും വിദേശത്ത് ജോലി ലഭിച്ചിട്ടില്ല എന്നാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്.
പ്രതികൾ ഉദ്യോഗാർത്ഥികൾക്ക് നൽകിയത് വ്യാജ രേഖകൾ ആണെന്നറിയാതെ എമിഗ്രേഷൻ പ്രോസസിങ്ങിന് പാസ്പോർട്ടും അനുബന്ധ രേഖകളും ഉദ്യോഗാര്‍ത്ഥികള്‍ നൽകിയിരുന്നു. ഇതോടെ ഇവരുടെ പാസ്പോർട്ടിൽ എമിഗ്രേഷൻ ഓഫീസിലെ VFS ൽ (Visa Facilitation Services) റിജക്ഷൻ സീൽ പതിഞ്ഞു. ഇത് പലരുടെയും വിദേശ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ജിബിൻ ബെന്നി, മഹി സജീവ് എന്നിവരെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പോയ ഇരുവരും ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തതയില്ല. മറ്റുള്ള പ്രതികൾക്കെതിരെ ഇതുവരെ യാതൊരു നടപടികളും പോലീസ് സ്വീകരിച്ചിട്ടില്ലെന്നും തട്ടിപ്പിന് ഇരയായവര്‍ ആരോപിക്കുന്നു.