തളിപ്പറമ്പ് : യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മഴൂരിലെ പി.കെ സുഹൈറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തളിപ്പറമ്പ് സി.എച്ച് റോഡിലെ ചുള്ളിയോടന്‍ പുതിയപുരയില്‍ ഇബ്രാഹിം (30), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ ആയിഷാസില്‍ മുഹമ്മദ് സുനീര്‍ (28), തളിപ്പറമ്പ് കാക്കത്തോടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷാക്കീര്‍ (31), യതീംഖാനക്ക് സമീപത്തെ കൊമ്മച്ചി പുതിയപുരയില്‍ ഇബ്രാഹിം കുട്ടി (35), മന്ന സ്വദേശി കായക്കൂല്‍ മുഹമ്മദ് അഷറഫ് (43) എന്നിവരെയാണ് തളിപ്പറമ്പ് പപോലീസ് അറസ്റ്റ് ചെയ്തത്.
സുഹൈലിന്റെ മാതാവ് ആത്തിക്ക, തന്റെ മകനെ ഈ മാസം 23 മുതല്‍ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൈറിനെ സഹോദരിയുടെ തടിക്കടവിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് തന്നെ ഒരുസംഘം തട്ടിക്കൊണ്ടുപോയതാണെന്ന് സുഹൈര്‍ പോലീസിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ തളിപ്പറമ്പില്‍ ഉയര്‍ന്നുവന്ന നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം. ബിസിനസില്‍ പങ്കാളിയാക്കി വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് സുഹൈറിനെ തട്ടിക്കൊണ്ടുപോയതത്രെ. തുടര്‍ന്ന് അഞ്ച് ദിവസത്തോളം വിവിധ സ്ഥലങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുകയും സുഹൈറിന്റ മാതാവ് മകനെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. ഇതോടെ സുഹൈറിനെ സഹോദരിയുടെ തടിക്കടവിലെ വീട്ടില്‍ എത്തിച്ച് സംഘം രക്ഷപ്പെടുകയാണ് ഉണ്ടായതെന്ന് പറയുന്നു. ഇവിടെ നിന്നും സുഹൈറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തളിപ്പറമ്പ് മന്നയിലെ മുനീര്‍ എന്നയാളെ കൂടി സംഭവത്തില്‍ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.