പത്തനാപുരം: അഭിനയം തുടങ്ങാനിരിക്കുന്ന പെണ്‍കുട്ടിയെ തിരക്കഥാകൃത്ത് ഫോണ്‍ വിളിച്ചു. വിളിയുടെ പരിധിവിട്ടപ്പോള്‍ വില്ലനായ് കാമുകന്‍ അവതരിച്ചു. പിന്നെ നടന്നത് സിനിമയെ വെല്ലുന്നകഥ. സിനിമ നടിയാകാനൊരുങ്ങുന്ന കാമുകിക്കുവേണ്ടി തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയി കൈകാര്യം ചെയ്യാന്‍ ശ്രമിച്ച യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് പൊക്കി. നാടകീയ കഥയും തിരക്കഥയും സ്റ്റന്‍ഡും തയ്യാറാക്കിയെങ്കിലും പുറത്തെടുക്കും മുമ്പ് തന്നെ കാമുകന്‍ പോലീസ് പിടിയിലായി. അടൂരാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഏപ്രിലില്‍ തുടങ്ങാനിരിക്കുന്ന സിനിമയിലേക്കാണ് അടൂര്‍ സ്വദേശിയായ യുവതിയെ തെരഞ്ഞെടുത്തത്. സിനിമയുടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് യുവതിയെ സ്ഥിരമായി ഫോണില്‍ വിളിക്കാന്‍ തുടങ്ങി. സംസാരം ഇടയ്ക്കിടയ്ക്ക് അതിരും കടന്നതോടെ യുവതി അടൂര്‍ സ്വദേശിയായ കാമുകനോട് വിവരം പറഞ്ഞു.
ഇതോടെ തിരക്കഥാകൃത്ത് വ്യാജനാണോയെന്ന സംശയവും കാമുകനില്‍ ഉയര്‍ന്നു. പിന്നാലെ കാമുകനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യാനായിരുന്നു പദ്ധതിയിട്ടത് . ശനിയാഴ്ച വൈകിട്ട് പത്തനാപുരം സ്വദേശിയായ തിരക്കഥാകൃത്തിനെ കാറില്‍ കയറ്റി കാമുകനും സംഘവും പാഞ്ഞത് കണ്ട് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അടൂര്‍ ഹൈസ്‌കൂള്‍ ജംങ്ഷനില്‍ വെച്ച് മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. മൂന്നു പേരെയും റിമാന്‍ഡ് ചെയ്തു. കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ വഴിയുള്ള അന്വേഷണത്തിലാണ് കാമുകനെയും സംഘത്തെയും കുടുക്കിയത്.