അഹമ്മദാബാദ്: അയല്‍ക്കാരെ വളര്‍ത്തുനായ ആക്രമിച്ച സംഭവത്തില്‍ ഉടമയ്ക്ക് ഒരുവര്‍ഷത്തെ തടവുശിക്ഷ . ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അയല്‍ക്കാരായ നാല് പേരെ നായ കടിച്ചതിനാണ് ഗോദ്‌സാര്‍ സ്വദേശിയായ ഭാരേഷ് പാണ്ഡ്യയെ കോടതി ശിക്ഷിച്ചത്. ഉടമയുടെ അശ്രദ്ധ മൂലമാണ് നായ ആക്രമിച്ചതെന്ന നിരീക്ഷണത്തിലാണ് ശിക്ഷ.
2014ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. ഭാരേഷിന്റെ നായ മൂന്ന് കുട്ടികളെയും ഒരു മുതിര്‍ന്ന വ്യക്തിയെയുമാണ് കടിച്ചത്. നായയുടെ അക്രമത്തില്‍ എല്ല് പൊട്ടിയ അവിനാഷ് പട്ടേലാണ് ഇസ്‌നാപുര്‍ പോലീസില്‍ പരാതി നല്‍കിയത്. മറ്റുള്ളവരുടെ ജീവന്‍ വരെ അപകടത്തിലാക്കി ഗുരുതരമായ പരിക്കേല്‍പ്പിച്ചതിന് ഐപിസി സെക്ഷന്‍ 338 പ്രകാരമാണ് ഭാരേഷിനെതിരെ കേസെടുത്തത്. കൃത്യത്തില്‍ ഭാരേഷ് നേരിട്ട് കുറ്റം ചെയ്തിട്ടില്ലെങ്കിലും അയാളുടെ അശ്രദ്ധയാണ് അക്രമണത്തിന് കാരണമായതെന്ന് കണ്ടെത്തിയാണ് ശിക്ഷ.