കൊച്ചി : കടബാധ്യതയില്പെടുന്ന വീട്ടമ്മമാരുടെ നിസ്സഹായത മുതലെടുത്ത് വൃക്കമാഫിയ കൊച്ചിയില്‍ പിടിമുറുക്കുന്നു. പടിഞ്ഞാറന്‍ കൊച്ചി കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇവരുടെ കെണിയില്‍ അകപ്പെട്ടത് അഞ്ചോളം വീട്ടമ്മമാരെന്നാണ് സൂചന. ചൂഷണത്തിന് ഇരയായ വീട്ടമ്മമാര്തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്.
നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളാണ് ഇരകളാകുന്നത്. കടം വീട്ടാനും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി എട്ടുലക്ഷം രൂപ നല്‍കാമെന്ന് ഏജന്റ് വീട്ടിലെത്തി വാഗ്ദാനം ചെയ്യുകയും പകരം വൃക്ക നല്‍കാമെന്ന് സമ്മതിപ്പിക്കുകയും ചെയ്യും. വീട്ടമ്മമാരെ വലയിലാക്കാന്‍ സ്ത്രീകളും സംഘത്തിലുണ്ടെന്നു ഇവര്‍പറയുന്നു. ദാനം ചെയ്തുകഴിഞ്ഞാലും സാധാരണ മനുഷ്യരെപോലെ ഏതു കഠിന ജോലിയുമെടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. സമ്മതം അറിയിച്ചുകഴിഞ്ഞാല്‍ പിന്നെ രേഖകളില്‍ ഒപ്പിടുവിക്കും. പിന്നീട് പല പരിശോധനകള്‍ നടത്തും. ഇതിന് മാത്രം എണ്‍പതിനായിരം രൂപയോളം ചെലവാകും. പരിശോധനകള്‍ക്കുശേഷം ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ഏര്‍പ്പാടുചെയ്യും.
അതിനുശേഷമാണ് പണം കൈമാറുക. ഏജന്റുമാര്‍ രണ്ടും മൂന്നും ഇരട്ടി തുകയാണ് ആവശ്യക്കാരില്‍ നിന്ന് വാങ്ങുന്നത്. വൃക്ക ദാനം ചെയ്തവര്‍തന്നെ പിന്നീട് മാഫിയയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നുമുണ്ട്. സ്ത്രീകള്‍ പരസ്പരം ജാമ്യം നിന്ന് മൂന്നും നാലും ഏജന്‍സികളില്‍നിന്ന് വായ്പയെടുക്കുന്ന വീട്ടമ്മമാരെയാണ് സംഘം ചൂഷണം ചെയ്യുന്നത്.
കാലാവധി പൂര്‍ത്തിയായിട്ടും പണം തിരിച്ചടക്കാതെവരുകയും കടക്കെണിയില്പെടുകയും ചെയ്യുമ്പോഴാണ് മാഫിയ ഏജന്റ് വീട്ടിലെത്തുന്നത്. പലപ്പോഴും പരിചയമുള്ള സ്ത്രീകള്‍തന്നെയാണ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത്. വൃക്ക നല്‍കാമെന്ന് സമ്മതിച്ചതിനുശേഷം പിന്മാറിയതിന് ഭീഷണിയുണ്ടെന്ന് ഒരുവീട്ടമ്മ പറയുന്നു. പരിശോധനകള്‍ക്ക് ചെലവഴിച്ച തുക തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി.