ബെംഗളൂരു : കര്‍ണാടകയില്‍ കുട്ടികളില്‍ കോവിഡ് പടരുന്നു മൂന്നാംതരംഗമെന്ന് സംശയം. ബെംഗളൂരുവില്‍ അഞ്ചു ദിവസത്തിനിടെ കോവിഡ് രോഗം ബാധിച്ചത് 242 കുട്ടികള്‍ക്കെന്ന് റിപ്പോര്‍ട്ട് . 9 വയസിന് താഴെയുള്ള 106 കുട്ടികള്‍ക്കും 9 നും 19 നും ഇടയില്‍ പ്രായമുള്ള 136 കുട്ടികള്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളെയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതാണ് കണക്കുകള്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
‘വരും ദിവസങ്ങളില്‍ കോവിഡ് ബാധിരാകുന്ന കുട്ടികളുടെ എണ്ണം മൂന്നിരിട്ടിയാകും. കുട്ടികളെ രോഗം ബാധിക്കാതെ തടയാനുളള ഏകവഴി അവരെ വീട്ടിനുള്ളില്‍ തന്നെ നിര്‍ത്തുക എന്നതാണ്. മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി കുറവാണ്. കുട്ടികളെ വീടുകളില്‍ തന്നെ നിര്‍ത്തുന്നതും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നതാണ് അഭികാമ്യം. സംസ്ഥാന ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് പല ജില്ലകളിലും വാരാന്ത്യ കര്‍ഫ്യു നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ളവര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പുറമേ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ ഫലവും നിര്‍ബന്ധമാക്കിയിരിക്കുകയാണ്.