തിരുവനന്തപുരം : കിഫ്ബി പദ്ധതികളുടെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനെന്നു വ്യക്തമാക്കി വിവരാവകാശ രേഖ. ലഭ്യമാകുന്ന ഫണ്ടില്‍ കുറവുണ്ടായാല്‍ പരിഹരിക്കേണ്ടതും സര്‍ക്കാരാണ്. നികുതി വിഹിതം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ഉത്തരവാദി ധനമന്ത്രിയുടെ വാദം ഇതോടെ പൊളിയുകയാണ്. കിഫ്ബിയുടെ പേരില്‍ സിഎജിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടു ധനമന്ത്രി തോമസ് ഐസക് ഉയര്‍ത്തിയ വാദമാണ് പൊളിഞ്ഞത്. കിഫ്ബിയെടുക്കുന്ന വായ്പകളുടെ തിരിച്ചടവിന്റെ കാര്യത്തില്‍ ഭാവിയില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പരിഹാരം കാണുകയെന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്നതാണ് വിശദീകരണം.
എന്നാല്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം ഉല്‍പന്നങ്ങളുടെ സെസില്‍ നിന്നുള്ള വരുമാനം മുഴുവനും കിഫ്ബിക്ക് നല്‍കാനാണ് വ്യവസ്ഥ. വായ്പാ തിരിച്ചടവിന് ഈ വരുമാനം മതിയാകാതെ വന്നാല്‍ സര്‍ക്കാരാണ് പണം നല്‍കേണ്ടതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കിഫ്ബി തന്നെ മറുപടി നല്‍കിയിരുന്നു. കിഫ്ബി നിയമപ്രകാരം നികുതി വിഹിതം നല്‍കാനുള്ള ബാധ്യത മാത്രമേ സര്‍ക്കാരിനുള്ളൂവെന്ന ധനമന്ത്രിയുടെ വാദമാണ് ഇതോടെ ദുർബലമാകുന്നത്. കഴിഞ്ഞ 15 വര്‍ഷത്തോളം മോട്ടര്‍ വാഹന നികുതിയിലും പെട്രോളിയം സെസിലും ക്രമാനുഗതമായ വര്‍ധനയുണ്ടായി എന്നതായിരുന്നു സര്‍ക്കാരിന്റെ ആത്മവിശ്വാസം. എന്നാല്‍ കോവിഡ് പ്രതിസന്ധിക്കിടെ ഈ രണ്ട് വരുമാനത്തിലും കുറവുണ്ടായത് സര്‍ക്കാരിന് ബാധ്യതയാകുമെന്ന് സാരം.