തിരുവനന്തപുരം: പുതിയ സർക്കാരിന് കീഴിൽ കിഫ്ബിയുടെ ഭാവി എന്താകുമെന്നതിൽ ആശങ്ക. ഭരണാനുമതി നൽകിയ ഒരു ലക്ഷം കോടിയോളം രൂപയുടെ പദ്ധതികളിൽ പലതും ഇന്നും പാതി വഴിയിലാണ്. കിഫ്ബി നിയമനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടത്തുമോ എന്നതിലും ആകാംക്ഷയുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത പദ്ധികളോടും നയങ്ങളോടും ഭരണത്തിൽ എത്തിയപ്പോൾ യു ഡി എഫിന്റെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും നിലപാടെന്തെന്നത് നിർണായകമാണ്. വായ്പകളിലുളള തിരിച്ചടവ് ഈ വർഷം തുടങ്ങാനാരിക്കെ കിഫ്ബിയിൽ എന്ത് പൊളിച്ചെഴുത്ത് നടത്തുമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. കഴിഞ്ഞ 10 വർഷം എൽ ഡി എഫ് സർക്കാരിനെ മുൾമുനയിൽ നിർത്തിയ നിരവധി ആരോപണങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള യു ഡി എഫ് നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.
ജനദ്രോഹം എന്ന് മുദ്രകുത്തി എതിർത്ത കെ റെയിൽ പോലുള്ള പദ്ധതികളും ഉണ്ട്. യു ഡി എഫ് അധികാരത്തിൽ വന്നാൽ പിൻവലിക്കുമെന്ന് പറഞ്ഞ നികുതി വർധനകളുണ്ട്. പിണറായി വിജയൻ സർക്കാരിന്റെ ധനമാനേജ്മെന്റിനെക്കുറിച്ചുളള യു ഡി എഫ് വിമർശനങ്ങളിലെ കേന്ദ്ര ബിന്ദുവായിരുന്നു കിഫ്ബി പദ്ധതി. ബജറ്റിനു പുറത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്കെന്ന പേരിൽ നായനാർ സർക്കാർ തുടങ്ങുകയും പിണറായി സർക്കാർ ശക്തിപ്പെടുത്തുകയും ചെയ്ത കിഫ്ബി പിന്നീട് സർക്കാർ പദ്ധതികളുടെ പ്രധാന നടത്തിപ്പുകാരായി മാറുന്നതായിരുന്നു കാഴ്ച. റോഡുകൾ, പാലങ്ങൾ, ദേശീയ പാത വികസനം തുടങ്ങി തുരങ്കപാത വരെ നീളുന്ന വികസന പദ്ധതികളുടെ നീണ്ട നിര തന്നെ കിഫ്ബിക്ക് കീഴിൽ യാഥാർത്ഥ്യമായപ്പോഴും കേരളത്തെ കടക്കെണിയിലേക്ക് തളളിവിടുന്ന വെളളാനയാണ് കിഫ്ബിയുടേതെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്റെ പ്രധാന വിമർശനം.
കിഫ്ബി പദ്ധതികൾക്കായി എടുത്ത വായ്പകളുടെ തിരിച്ചടവാണ് പുതിയ സർക്കാരിനു മുന്നിലുളള ഏറ്റവും വലിയ വെല്ലുവിളിയിലൊന്ന്. 2026 മുതൽ 31 വരെയുളള അഞ്ച് വർഷക്കാലം 16600 കോടിയോളം രൂപ കിഫ്ബി വായ്പകളുടെ തിരിച്ചടവിനായി കേരള സർക്കാർ ചെലവിടേണ്ടി വരുമെന്നാണ് കണക്ക്. വർഷം ശരാശരി 3300 കോടിയോളം രൂപയുടെ ബാധ്യത. മോട്ടോർ വാഹന നികുതിയും ഇന്ധന സെസുമായിരുന്നു പ്രധാന വരുമാന സ്രോതസുകളെങ്കിലും ഈ വരുമാനത്തിലും ഇടിവുണ്ടായി. ഇതോടൊപ്പമാണ് തുടങ്ങിവെച്ച പദ്ധതികളുടെ ഭാവി എന്താകുമെന്ന ചോദ്യം ഉയരുന്നത്. കിഫ്ബിയുടെ ഭാവിയുടെ കാര്യത്തിൽ പുതിയ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് എന്താണെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ.





























