പത്തനംതിട്ട : ഗൃഹോപകരണങ്ങളുടെ സെക്കന്റ്സ് ഓണവിപണി കയ്യടക്കിക്കഴിഞ്ഞു. വമ്പന്‍ ഓഫറില്‍ വിറ്റഴിക്കുന്ന മിക്ക ഗൃഹോപകരണങ്ങളും കമ്പിനി സെക്കന്റ്സ് ആണെന്ന് പലര്‍ക്കും അറിയില്ല. പത്തനംതിട്ട മീഡിയാ ഇത് സംബന്ധിച്ച പല വാര്‍ത്തകളും ചെയ്തിരുന്നു. എന്നാല്‍ ജനങ്ങള്‍ പലരും ഇത് വിശ്വസിക്കാതെ ഷോറൂമുകളുടെ ആഡംബരത്തില്‍ മയങ്ങി വീണ്ടും ചതിയില്‍പ്പെടുകയാണ്. ഓണം ഓഫര്‍, കില്ലര്‍ ഓഫര്‍, 50% ഡിസ്കൌണ്ട്, 75 % ഡിസ്ക്കൌണ്ട് എന്നൊക്കെ പരസ്യം നല്‍കി വില്‍ക്കുന്നത് കമ്പിനിയുടെ ഫസ്റ്റ് ക്വാളിറ്റി ഉല്‍പ്പന്നങ്ങള്‍ അല്ല. ഗുണനിലവാര പരിശോധനയില്‍ കമ്പിനി തള്ളിയ ഉല്‍പ്പന്നങ്ങള്‍ വന്‍കിട മുതലാളിമാര്‍ കുറഞ്ഞവിലയ്ക്ക് ലേലത്തില്‍ എടുത്ത് അത് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള തങ്ങളുടെ ഷോറൂമുകളിലൂടെ ഓഫര്‍ നല്‍കി വില്‍ക്കുകയാണ്. കമ്പിനിയുടെ ഫസ്റ്റ് ക്വാളിറ്റി ഉല്‍പ്പന്നമാണ് തങ്ങള്‍ വമ്പന്‍ ഓഫര്‍ നല്‍കി വില്‍ക്കുന്നതെന്നാണ് ഇവരുടെ ഭാഷ്യം.
കഴിഞ്ഞ ദിവസം പത്തനംതിട്ട നഗരത്തിലെ ഒരു വ്യാപാരിക്കും പണി കിട്ടി. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ അടുത്തനാളില്‍ തുടങ്ങിയ ഒരു വലിയ ഷോപ്പില്‍ നിന്നും ഇദ്ദേഹം ഒരു ഫ്രിഡ്ജ് വാങ്ങി. വീട്ടില്‍ ചെന്നപ്പോള്‍ ഫ്രിഡ്ജില്‍ പോറലുകളും പാടുകളും. ഉടന്‍തന്നെ ഷോറൂമില്‍ വിവരം പറഞ്ഞപ്പോള്‍ അവിടെ പെയിന്റ് ടച്ച് ചെയ്ത് തരാമെന്നായി. എന്നാല്‍ ഫ്രിഡ്ജ് വാങ്ങിയ വ്യാപാരി വിട്ടില്ല. ഫ്രിഡ്ജ് മാറി പുതിയത് തരണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. എന്നാല്‍ ഷോറൂം ജീവനക്കാര്‍ പുതിയ ഫ്രിഡ്ജ് കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഫ്രിഡ്ജ് വാങ്ങിയ വ്യാപാരി ഷോറൂമിന്റെ മുമ്പിലെത്തി ബഹളമുണ്ടാക്കി. ഇതോടെ സമീപത്തെ വ്യാപാരികളും വഴിയാത്രക്കാരും കൂടി. എല്ലാവരോടും തനിക്കുപറ്റിയ അബദ്ധം ഇദ്ദേഹം വിവരിച്ചു. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ നാളെരാവിലെ ഷോറൂം തുറപ്പിക്കില്ലെന്നു ഭീഷണി മുഴക്കിയതോടെ പ്രാണവായു കിടുങ്ങി. ഷോറൂമിലെ കിങ്കരന്‍മാര്‍ ഉടനടി പുതിയ ഫ്രിഡ്ജ് അയാളുടെ വീട്ടില്‍ എത്തിച്ചു. മുമ്പ് കൊടുത്ത സെക്കന്റ്സ് ഫ്രിഡ്ജ് തിരികെ എടുക്കുകയും ചെയ്തു. തന്റെ പ്രശ്നം പരിഹരിച്ചതിനാല്‍ ഇത് വാര്‍ത്തയാക്കുവാന്‍ ഇദ്ദേഹത്തിനു താല്‍പ്പര്യവും ഇല്ല.
എല്ലാ കമ്പിനിയിലും എല്ലാ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും സെക്കന്റ്സ് ഉണ്ടാകും. നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന (Quality Checking) ചെറുതും വലുതുമായ എല്ലാ കമ്പിനിയിലുമുണ്ട്. പരിശോധനയില്‍ പരാജയപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞവിലയ്ക്ക് കമ്പിനി വിറ്റഴിക്കും. ഉദാഹരണമായി എയര്‍ കണ്ടീഷണര്‍ നിര്‍മ്മിക്കുന്ന ഒരു കമ്പിനി പ്രതിമാസം 5000 യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നു എന്ന് കരുതുക. കമ്പിനിയുടെ ഗുണനിലവാര പരിശോധനയില്‍ 200 എണ്ണം പരാജയപ്പെടുന്നു. ഒരുവര്‍ഷം കുറഞ്ഞത് 2400 എണ്ണം ഇപ്രകാരം സെക്കന്റ്സ് വിഭാഗത്തിലേക്ക് പോകുന്നു. ഒരു കമ്പിനിയും ഇത് നന്നാക്കി വില്‍ക്കുകയില്ല, നഷ്ടം സഹിക്കുകയുമില്ല. പകരം കമ്പിനി സെക്കണ്ട്സ് എന്ന വിഭാഗത്തില്‍പ്പെടുത്തി ഇവ കുറഞ്ഞ വിലക്ക് വില്‍ക്കും. ഇതിലൂടെ ആ ഉല്‍പ്പന്നം നിര്‍മ്മിക്കുവാന്‍ കമ്പിനിക്ക് ചിലവായ മുഴുവന്‍ തുകയും തിരികെ ലഭിക്കും. ചില വ്യാപാരികള്‍ ഇവ വാങ്ങി കമ്പിനി സെക്കന്റ്സ് ആണെന്ന് പറഞ്ഞുകൊണ്ട് ചെറിയൊരു ലാഭം ഇട്ടുകൊണ്ട് ഇവ വില്‍ക്കും. ഇങ്ങനെ സെക്കന്റ്സ് മാത്രം വില്‍ക്കുന്ന കടകള്‍ പല സ്ഥലങ്ങളിലുമുണ്ട്. ചില കമ്പിനികള്‍ തങ്ങളുടെ സെക്കന്റ്സ് മാത്രം വില്‍ക്കുവാന്‍ പ്രത്യേക ഷോറൂമുകളും തുറക്കും.