തിരുവനന്തപുരം : കേരളം വിട്ടതോടെ കിറ്റക്‌സിന്‍റെ ഓഹരി വില കുതിച്ചുയർന്നു. വ്യാഴാഴ്ച 10 ശതമാനം കുതിച്ച് 164 രൂപയിലെത്തി. കമ്പനിയുടെ ചില വിപുലീകരണ പദ്ധതികള്‍ തെലുങ്കാന സര്‍ക്കാര്‍ അംഗീകരിച്ചതാണ് ഓഹരി വില വര്‍ധനയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിലെ ചില സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന മൂലം കിറ്റെക്‌സ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കിറ്റെക്സിനെ പൂര്‍ണ്ണമായും ഇല്ലാതെയാക്കാന്‍ കേരള സര്‍ക്കാര്‍ ചില ഗൂഡാലോചനകള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കിറ്റെക്‌സിനെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് അന്ന് കമ്പനി എംഡി സാബു ജേക്കബ്ബ് ആരോപിച്ചിരുന്നു. ഫാക്ടറികളില്‍ മിന്നല്‍ പരിശോധനകള്‍ ഉണ്ടാകില്ലെന്ന് കേരളത്തിലെ വ്യവസായമന്ത്രി പി.രാജീവ് പ്രഖ്യാപനം നടത്തി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് കിറ്റെക്‌സില്‍ ഈ മിന്നല്‍ പരിശോധനകള്‍ നടന്നത്.
എന്നാല്‍ തെലുങ്കാനയില്‍ നടത്തിയ പുതിയ ചുവടുവയ്പ്പ് സന്തോഷകരമായ വാര്‍ത്തയാണ് കമ്പനിയ്ക്ക് നല്‍കിയിരിക്കുന്നത്. വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ 1000 കോടി നിക്ഷേപിക്കാനാണ് പദ്ധതി. ഇതിലൂടെ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കിറ്റെക്‌സ് തെലുങ്കാന സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു.