ആലപ്പുഴ : കെ.കെ മഹേശന്റെ ആത്മഹത്യ കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസെടുക്കാനാകില്ലെന്ന് മാരാരിക്കുളം പോലീസ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. സഹായി കെ.എല്‍. അശോകന്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരേയും കേസെടുക്കാനാവില്ലെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു.
നിലവില്‍ അസ്വാഭാവിക മരണത്തിന് എഫ്ഐആര്‍ ഉണ്ട്. ഐജിയുടെ കീഴില്‍ പ്രത്യേകസംഘം കേസ് അന്വേഷിക്കുന്നുമുണ്ട്. ഇതിനാല്‍ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസം ഉണ്ടെന്നാണ് മാരാരിക്കുളം പോലീസ് ആലപ്പുഴ ജുഡീഷല്‍ കോടതിയെ അറിയിച്ചത്. പോലീസിന്റെ വാദം കോടതി അംഗീകരിച്ചു. അതേസമയം മഹേശന്റെ ഭാര്യ ഉഷാ ദേവി നല്‍കിയ ഹര്‍ജിയിലെ ആത്മഹത്യാ പ്രേരണയും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങള്‍ പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.